Gulf

യുഎഇയില്‍ പരസ്യ മദ്യപാന കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയില്‍

Published

on

അബുദാബി: നിയമംലംഘിച്ച് പരസ്യ മദ്യപാനം നടത്തുന്ന പരാതി വ്യാപകമായിതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ പിടിയിലായി. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ദിവസം മുസഫ ഷാബിയ 12ല്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരസ്യ മദ്യപാനം വ്യാപകമായ പശ്ചാത്തലത്തില്‍ ലേബര്‍ ക്യാംപ്, ബാച്ച്‌ലേഴ്‌സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

പരസ്യ മദ്യപാനത്തിന് തടവോ പിഴയോ ഇവ ഒരുമിച്ചോ ശിക്ഷ നല്‍കാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രോസിക്യൂഷന് കൈമാറിയ പ്രതികളുടെ ശിക്ഷ കോടതിയാണ് വിധിക്കുക. യുഎഇ ക്രിമിനല്‍ നിയമം ആര്‍ട്ടിക്കിള്‍ 313 പ്രകാരം 1987ലെ ഫെഡറല്‍ നിയമം നമ്പര്‍ (3) പൊതുസ്ഥലത്ത് മദ്യം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ചാല്‍ ഒരു മാസത്തില്‍ കൂടാത്ത തടവോ രണ്ടായിരം ദിര്‍ഹത്തില്‍ കവിയാത്ത പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷിക്കപ്പെടും.

യുഎഇയില്‍ ഷാര്‍ജ ഒഴികെയുള്ള എമിറേറ്റുകളില്‍ മുസ്‌ലിം അല്ലാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതിയുണ്ടെങ്കിലും ജോലിസ്ഥലത്തും തുറസ്സായ സ്ഥലങ്ങളിലും മദ്യപാനം അനുവദനീയമല്ല. താമസസ്ഥലത്തോ അംഗീകൃത നിശാക്ലബ്ബുകളിലോ റെസ്റ്റോറന്റുകളിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് ദുബായിലെയും അബുദാബിയിലും നിശാക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലോ ഇക്കാര്യങ്ങളില്‍ ചില ഇളവുകളുണ്ട്.

മദ്യപിച്ച് ജോലി ചെയ്യുന്നത് കുറ്റകരമാണ്. മദ്യം നിര്‍മിക്കാനോ വില്‍ക്കാനോ ശേഖരിക്കാനോ വ്യക്തികള്‍ക്ക് അനുവാദമില്ല. മദ്യപിച്ചോ ലഹരി മരുന്നുകള്‍ ഉപയോഗിച്ചോ വാഹനമോടിച്ചാല്‍ പരമാവധി ആറു മാസം തടവം 5,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും ചില കേസുകളില്‍ നാടുകടത്തലുമുണ്ടാകും.

യുഎഇ ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്ന ലൈസന്‍സ് ഉപയോഗിച്ച് ഒരാള്‍ക്ക് മദ്യം വാങ്ങാന്‍ കഴിയുന്ന സ്ഥലങ്ങളുണ്ട്. അമുസ്‌ലിംകള്‍ക്ക് മാത്രമാണ് മദ്യത്തിനുള്ള ലൈസന്‍സ് നല്‍കുന്നത്. മദ്യം വാങ്ങാനും മദ്യപിച്ചതായി കണ്ടെത്തിയാല്‍ തടങ്കലില്‍ വയ്ക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും.

തൊഴില്‍ കരാറിനൊപ്പം സാധുതയുള്ള റെസിഡന്‍സി വിസയുള്ള 21 വയസ്സിന് മുകളിലാണെങ്കില്‍ ഒരു മുസ്ലീം ഇതര താമസക്കാരന് മദ്യ ലൈസന്‍സിന് അപേക്ഷിക്കാം. വിനോദസഞ്ചാരികള്‍ക്ക് ദുബായില്‍ നിന്ന് നാല് ലിറ്റര്‍ മദ്യം മാത്രമേ കൊണ്ടുപോകാനോ വാങ്ങാനോ പാടുള്ളൂ. വാങ്ങുന്നയാള്‍ 18 വയസ്സിന് മുകളിലായിരിക്കണം.

ജോലിക്കിടെ മദ്യപിച്ചതായി തെളിഞ്ഞാല്‍ 1980 ലെ ഫെഡറല്‍ ലോ നമ്പര്‍ (8) ലെ ആര്‍ട്ടിക്കിള്‍ 12 അനുസരിച്ച് മുന്‍കൂര്‍ അറിയിപ്പ് കൂടാതെ ജീവനക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുമതിയുണ്ട്. യുഎഇയില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തുന്ന മുസ്ലീങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version