ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് തിയേറ്ററിൽ പ്രദർശനം തുടരുന്ന രണ്ട് ഹിറ്റ് സിനിമകളോട് മത്സരിക്കാനാണ് ഇന്ന് ‘മഞ്ഞുമ്മൽ ബോയ്സ്’ എത്തുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ടും കാസ്റ്റിങ് കൊണ്ടും വളരെ പ്രതീക്ഷ നൽകുകയാണ് സിനിമ. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് സിനിമയെ നയിക്കുന്നത്.
ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ഹൗസ് ഫുള്ളായത്. ചിദംബരം തന്നെയാണ് തിരക്കഥയൊരുക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർ നേരിടുന്ന സംഭവ വികാസങ്ങളുമാണ് സിനിമ.
ചിത്രത്തിന്റെ ടെക്ക്നിക്കൽ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മലയാളത്തിലെ ഏറ്റവും മികച്ച ടെക്നീഷ്യൻ മാരാണ്. ചിത്രത്തിന് സെൻസർ യു സർട്ടിഫിക്കറ്റ് നൽകിയതായും കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. സിനിമയുടെ ഡിഒപി ഷൈജു ഖാലിദാണ്. എഡിറ്റർ – വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം – സുഷിൻ ശ്യാം.