Gulf

മഞ്ജുവിനും മണിക്കുട്ടനും സൗദി തൊഴില്‍ വകുപ്പിന്റെ ആദരം; പ്രവാസി തൊഴിലാളി സേവനത്തില്‍ മാതൃക

Published

on

ദമാം: പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായി വര്‍ഷങ്ങളോളമായി ശ്രദ്ധേയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സൗദി അറേബ്യയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടനും പദ്മനാഭന്‍ മണിക്കുട്ടനും സൗദി തൊഴില്‍ വകുപ്പിന്റെ ആദരം. ദമാം ലേബര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ മുഖ്ബില്‍ ആണ് പ്രശംസാഫലകം നല്‍കിയത്.

ദമാം ലേബര്‍ ഓഫീസ് ഡയറക്ടര്‍ ഉമൈര്‍ അല്‍ സഹ്‌റാനി ഉള്‍പ്പെടെ ഒട്ടേറെ സൗദി അധികാരികള്‍ ചടങ്ങില്‍ പങ്കെടുത്ത ചടങ്ങില്‍ മഞ്ജുവും മണിക്കുട്ടനും ആദരമേറ്റുവാങ്ങി. കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി തൊഴിലാളി സമൂഹത്തിന് വേണ്ടി സൗദി അധികാരികളുമായി ഒത്തൊരുമിച്ചു നടത്തിയ സാമൂഹികസേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ആദരം.

തൊഴില്‍, വിസ തര്‍ക്കങ്ങളില്‍പെട്ട് നിയമകുരുക്കില്‍പ്പെട്ട ഒട്ടേറെ പ്രവാസികള്‍ക്ക് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള സഹായം ചെയ്തു കൊടുത്ത ഇരുവരും വര്‍ഷങ്ങളായി സേവനമേഖലയില്‍ കര്‍മനിരതരാണ്. ദമാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിപ്പെടുന്ന പ്രവാസി വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മഞ്ജുവും മണിക്കുട്ടനും നടത്തിവരുന്ന പരിശ്രമങ്ങള്‍ക്ക് സൗദി അധികൃതര്‍ വര്‍ഷങ്ങളായി പിന്തുണ നല്‍കിവരുന്നുണ്ട്.

സൗദിയില്‍ തൊഴില്‍-താമസ നിയമക്കുരുക്കുകളില്‍ അകപ്പെട്ട പ്രവാസി മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യക്കാരായ നിരവധി പ്രവാസികള്‍ക്ക് ഇരുവരുടെയും സേവനങ്ങള്‍ വലിയ തുണയായി മാറിയിട്ടുണ്ട്. വീട്ടുജോലിക്കെത്തി ഹുറൂബാക്കപ്പെട്ട വനിതകള്‍ക്കും ശമ്പളം ലഭിക്കാതെയും അവധി ലഭിക്കാതെയും ജോലിയില്‍ നിന്ന് രക്ഷപ്പെട്ട് അഭയംതേടുന്ന വനിതകള്‍ക്കുമാണ് ഇരുവരുടെയും സഹായം കൂടുതല്‍ ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ എംബസിക്ക് പോലും ഇവരുടെ സേവനങ്ങള്‍ വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്. റിയാദ് എംബസിയില്‍ അഭയംതേടുന്ന വനിതകളുടെ കേസുകള്‍ പലപ്പോഴും ഔദ്യോഗികമായി തന്നെ ഇവരെയാണ് ഉദ്യോഗസ്ഥര്‍ ഏല്‍പ്പിക്കാറുള്ളത്.

നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഭാഗമായും ഇന്ത്യന്‍ എംബസിയുമായും സൗദി അധികാരികളുമായും മറ്റു പ്രവാസി സംഘടനകളുമായും സഹകരിച്ച് ദുരിതത്തിലായ ഒട്ടേറെ പ്രവാസികള്‍ക്ക് സഹായം നല്‍കാനും രേഖകള്‍ തരപ്പെടുത്തി നാട്ടിലേക്ക് അയയ്ക്കാനും മഞ്ജുവും മണിക്കുട്ടനും സാധിച്ചിട്ടുണ്ട്.

നവയുഗം സൗദി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റായ മഞ്ജു മണിക്കുട്ടനേയും നവയുഗം കേന്ദ്ര കുടുംബവേദി പ്രസിഡന്റായ പദ്മനാഭന്‍ മണിക്കുട്ടനേയും നവയുഗം കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. ഇരുവരും നടത്തിയ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ആദരവെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version