മംമ്ത മോഹന്‍ദാസ് ഒരു നടി എന്നതിനപ്പുറം സാധാരണക്കാര്‍ക്ക് പ്രചോദനമാകുന്ന സ്ത്രീയാണ്. ജീവിതത്തില്‍ താന്‍ കടന്നു വന്ന അവസ്ഥകളെ കുറിച്ച് പറയുമ്പോള്‍ അത്രയധികം ആത്മവിശ്വാസവും ധൈര്യവും മംമ്തയുടെ കണ്ണുകളില്‍ കാണാം. രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച മംമ്ത ഇപ്പോള്‍ ഓട്ടോ ഇമ്യൂണ്‍ എന്ന ത്വക്ക് രോഗവുമായുള്ള യുദ്ധത്തിലാണ്. അതില്‍ നിന്നും താന്‍ പുറത്തേക്ക് വരും എന്ന് തികഞ്ഞ് ആത്മവിശ്വാസത്തോടെ നടി പറയുന്നു. അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ അസുഖത്തെ കുറിച്ച് മംമ്ത തുറന്ന് പറഞ്ഞത്. അത് പറയാനുണ്ടായ സാഹചര്യത്തെ കുറിച്ചും, ഇങ്ങനെ ഇത്രയും ധൈര്യത്തോടെ ഇരിക്കാന്‍ കഴിയുന്നു എന്നതിനെ കുറിച്ചും മംമ്ത സംസാരിക്കുകയുണ്ടായി.
സിനിമയെ കുറിച്ച് അധികം ഒന്നും അറിയാതെ, സിനിമയെ അത്രയ്ക്ക് ഒന്നും സീരിയസ് ആയി കാണാതെ ഇന്റസ്ട്രിയില്‍ എത്തിയ ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് സിനിമ ഒരു എന്റര്‍ടൈന്‍മെന്റ് മാത്രമായിരുന്നു. അങ്ങിനെ പോകുന്ന അവസരത്തിലാണ് കാന്‍സര്‍ പിടിപെടുന്നത്. അപ്പോള്‍ എനിക്ക് 22-23 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഒറ്റ മകളാണ്. വയസ്സ് 23 ആയെങ്കിലും 13 വയസ്സിന്റെ പക്വത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്രയും ധൈര്യം ഇല്ലാതെ തന്നെയാണ് അതിനെ നേരിട്ടത്.
ആദ്യത്തെ തവണ കാന്‍സറിനെ അതിജീവിച്ചു വന്നതിന് ശേഷം എനിക്ക് സിനിമ വലിയ പ്രചോദനം ആയി. അന്‍വര്‍ പോലുള്ള നല്ല സിനിമകള്‍ കിട്ടി. ഞാന്‍ സിനിമയെയും ജീവിതത്തെയും വീണ്ടും ആസ്വദിച്ച് തുടങ്ങുമ്പോഴാണ് രണ്ടാമത്തെ തവണ കാന്‍സര്‍ വന്നത്. അത് വലിയ ആഘാതം ആയിരുന്നു. എന്റെ വേദന എന്റെ പാരന്റ്സിനെയും തളര്‍ത്തുന്നു എന്നത് അതിനെക്കാള്‍ വലിയ സ്ട്രസ്സ് ആയി. അവിടം മുതലാണ് ഞാന്‍ കൂടുതല്‍ സ്ട്രോങ് ആകാന്‍ തുടങ്ങിയത്.
ജീവിതം നഷ്ടപ്പെട്ട്, അകമേ ജീവനില്ലാത്ത അവസ്ഥയിലൂടെ ഞാന്‍ കടന്ന് പോയിട്ടുണ്ട്. ഒരുപാട് വേദനിച്ചു. പക്ഷെ അതൊന്നും പുറത്ത് കാണിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എപ്പോഴും ശക്തയും ധൈര്യ ശാലിയുമായി തന്നെ നില്‍ക്കാനായിരുന്നു എനിക്കിഷ്ടം. തിരിഞ്ഞു നോക്കുമ്പോള്‍, എന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ണില്‍ കണ്ണുനീര് വന്നാലും മുഖത്തൊരു ചിരി വേണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ അവസ്ഥ ഇപ്പോള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്.
കാന്‍സറിനെ കുറിച്ച് പറയാന്‍ തയ്യാറായതും ആളുകളുടെ ചോദ്യം കാരണമാണ്. പെട്ടന്ന് എന്റെ മുടി മുറിച്ചു, തടി വച്ചു. എന്തുകൊണ്ട് മംമ്ത മുടിവെട്ടി, ഇപ്പോള്‍ കാണാന്‍ ഒരും ഭംഗിയുമില്ല, എന്തൊരു കോലമാണ് ഇത് എന്ന് ചോദിക്കുന്നവര്‍ക്കൊന്നും അറിയില്ല ഞാന്‍ കടന്ന് വന്ന കഷ്ടത നിറഞ്ഞ ദിവസങ്ങളെ കുറിച്ച്. അറിവില്ലായ്മ കൊണ്ടാണ് അവര്‍ പറയുന്നത്. അതിലും ഭേദം ഞാന്‍ തന്നെ തുറന്ന് പറയുന്നതാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ കാന്‍സറിനെ കുറിച്ച് ഞാന്‍ തുറന്ന് പറഞ്ഞു.
പക്ഷെ ചിലര്‍ എന്നെ കണ്ടാല്‍ കാന്‍സറിനെ കുറിച്ച് മാത്രം സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. മംമ്ത എന്നാല്‍ കാന്‍സര്‍ എന്ന തരത്തിലാണ് ചിലരുടെ സംസാരം. പലപ്പോഴും സെലിബ്രിറ്റികളുടെ ജീവിതം പബ്ലിക്കാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍. പേഴ്സണല്‍ കാര്യങ്ങള്‍ മറച്ച് വയ്ക്കാന്‍ കഴിയില്ല. അതെ കുറിച്ച് ചോദ്യം ചെയ്യുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. അത് നമ്മളെ കൂടുതല്‍ സ്ട്രസ്സിലാക്കും. ആളുകള്‍ എന്ത് പറയും എന്ന് ആലോചിച്ച് വരുന്ന സ്ട്രസ്സ് വളരെ ഭീകരമാണ്. ആ അവസ്ഥയിലായിരിക്കാം സമാന്തയും ദീപികയും എല്ലാം അവരുടെ അവസ്ഥയെ കുറിച്ച് പറയാന്‍ നിര്‍ബദ്ധിതരായത്.
എന്റെ ശരീരത്തിന്റെ നിറം മാറാന്‍ തുടങ്ങിയതിനെ കുറിച്ച് എനിക്ക് പറയേണ്ടി വന്നതും അത്തരം ഒരു സാഹചര്യത്തിലാണ്. എന്റെ അവസ്ഥ പാരന്റ്സിനെ കൂടുതല്‍ വിഷമത്തിലാക്കി. ഓരോ ദിവസവും കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്തും കഴുത്തിലും എല്ലാം വെള്ള നിറം, എന്റെ യഥാര്‍ഥ നിറം മാറുന്നു. അത് എന്നെ കൂടുതല്‍ എന്നിലേത്ത് തന്നെ ഒതുക്കി. പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. എന്നെ ഞാന്‍ തന്നെ മറച്ചുവയ്ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു. മേക്കപ്പ് ഇട്ട് എന്റെ രൂപത്തെ മറച്ച് വയ്ക്കുന്നതിനൊപ്പം ഞാന്‍ തന്നെ മാറുകയായിരുന്നു. യഥാര്‍ത്ഥ എന്നെ എനിക്ക് നഷ്ട്പപെട്ടു.
മേക്കപ്പ് ഇടുന്നത് എനിക്ക് ഇഷ്ടമല്ല, മേക്കപ്പ് ഇടാതെ പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയായി. രാവിലെ എഴുന്നേറ്റത് മുതല്‍ ശരീരത്തെ ബ്രൗണ്‍ നിറം ആക്കാനുള്ള തിരക്ക്. അതൊക്കെ എനിക്ക് വലിയ വേദനയായിരുന്നു. സുഹൃത്തുക്കള്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍, വേണ്ട ഞാന്‍ മേക്കപ്പ് ഇട്ടിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സ്ട്രസ്സ് മാറാന്‍ മറ്റേതെങ്കിലും അസുഖം ആണെങ്കില്‍ പുറത്തേക്ക് പോകാം. എനിക്ക് അതിനും കഴിയുന്നില്ല എന്ന അവസ്ഥ. മുഴുവന്‍ സമയവും കരച്ചിലായിരുന്നു. ഒക്ടോബര്‍ മാസത്തില്‍ എല്ലാം ഞാന്‍ കരയാത്ത ദിവസങ്ങളില്ല.
സ്ട്രസ്സ് സഹിക്കാന്‍ പറ്റാതെയാണ് ന്യൂ ഇയറിന് അമേരിക്കയിലേക്ക് പോയത്. അവിടെ ഞാന്‍ വളരെ ഫ്രീ ആയിരുന്നു. മേക്കപ്പ് ഇല്ലാതെ, ശരീരം മറച്ച് വയ്ക്കാതെ നടക്കാന്‍ തുടങ്ങി. ഇനിക്ക് ഇങ്ങനെ ഒരു അസുഖം ഉള്ളത് പോലും ഞാന്‍ മറന്നു. സ്ട്രസ്സ് ഫ്രീ ആയി. അതിന് ശേഷം നാട്ടിലേക്ക് തിരിച്ച് വന്നപ്പോള്‍ ആളുകളുടെ ചോദ്യം വീണ്ടും എനിക്ക് സ്ട്രസ്സ് നല്കി. എന്ത് പറ്റി, കഴുത്തിലും കൈയ്യിലും എന്താ വെള്ള നിറം, തീ പൊള്ളിയോ ആക്സിഡന്റ് ആയോ എന്നൊക്കെയുള്ള ചോദ്യം പത്ത് കിലോ സ്ട്രസ്സ് വീണ്ടും തലയില്‍ കയറ്റുന്നത് പോലെയായിരുന്നു.
വേദനകളെ മറച്ച് വയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ് അത് കൂടുതല്‍ ഭാരമുള്ളതായി തോന്നുന്നത്. ആ സ്ട്രസ്സ് സഹിക്കുന്നതിലും ഭേദം അതിനെ അങ്ങ് തുറന്ന് വിടുന്നതാണ്. അതുകൊണ്ട് തുറന്ന് പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. അങ്ങിനെയാണ് ഞാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടത്. ഇപ്പോള്‍ ആരും ഒന്നും ചോദിയ്ക്കുന്നില്ല, എനിക്ക് ആരുടെയും ചോദ്യത്തെ നേരിടേണ്ടതില്ല. ഫ്രീ ആയി. സ്ട്രസ്സും ഇല്ല.
ആയുര്‍വേദ ട്രീറ്റ്മെന്റ് എടുത്ത് നിറത്തില്‍ ചെറിയ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. അതും എനിക്ക് ആത്മവിശ്വാസം നല്കി തുടങ്ങി. ആ സ്റ്റേജില്‍ ആണ് എല്ലാം പബ്ലിക്ക് ആയി പറഞ്ഞത്. പ്രതീക്ഷയുണ്ട്. ഇപ്പോള്‍ മേക്കപ്പ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി- മംമ്ത മോഹന്‍ദാസ് പറഞ്ഞു.