Gulf

ലുലു ഗ്രൂപ്പ് ബംഗാളില്‍ മത്സ്യ, മാംസ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപമിറക്കുമെന്ന് മമത ബാനര്‍ജി

Published

on

ദുബായ്: അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി ലുലു ഗ്രൂപ്പ് പശ്ചിമ ബംഗാളില്‍ മത്സ്യം, കോഴി, പാല്‍, മാംസം സംസ്‌കരണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം ലുലു ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലിയുമായി ദുബായില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്.

ആവേശം പകരുന്ന നിരവധി പദ്ധതികളുടെ സാധ്യതകള്‍ ആഴത്തില്‍ പരിശോധിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മമത എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ന്യൂടൗണിലെ ലോകോത്തര മാളിന്റെ സാധ്യതയാണ് അവയില്‍ പ്രധാനമെന്നും ലോകത്തുടനീളമുള്ള ലുലു ഗ്രൂപ്പിന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ബിശ്വ ബംഗാള്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തതായും അവര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതിനെല്ലാമുപരിയായി മത്സ്യ സംസ്‌കരണം, കോഴി, പാല്‍, മാംസം സംസ്‌കരണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ് ശക്തമായ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നും മമത കുറിപ്പിട്ടു.

വരുന്ന നവംബറില്‍ നടക്കുന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടി-2023 ല്‍ പങ്കെടുക്കാന്‍ ലുലു ഗ്രൂപ്പിനെ ക്ഷണിച്ചതായും മമത അറിയിച്ചു.

സംസ്ഥാനത്തെ നൈപുണ്യ വികസന പദ്ധതികളിലും ലുലു ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് യോഗത്തില്‍ സംബന്ധിച്ച മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിശദീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് ലുലു സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കായി പഴങ്ങളും പച്ചക്കറികളും സംഭരിക്കാനും ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും കമ്പനി താല്‍പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പെയിന്‍ സന്ദര്‍ശനത്തിന് ശേഷം വ്യാഴാഴ്ചയാണ് മമത ദുബായിലെത്തിയത്. ഇന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങും. സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് സെപ്റ്റംബര്‍ 12ന് മമത സ്‌പെയിനിലേക്ക് പോയിരുന്നത്.

ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും റീട്ടെയില്‍ കമ്പനികളുടെയും ശൃംഖല പ്രവര്‍ത്തിപ്പിക്കുന്ന ലുലു ഗ്രൂപ്പിന്റെ സാരഥി മലയാളി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയാണ്. ഇന്ത്യയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവിധ പദ്ധതികള്‍ക്കായി 10,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കഴിഞ്ഞ ജൂണില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഏകദേശം എട്ട് ബില്യണ്‍ യുഎസ് ഡോളറാണ് ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ്. ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഷോപ്പിങ് മാള്‍ വികസനം, ചരക്കുകളുടെ നിര്‍മാണം, വ്യാപാരം, ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകള്‍, മൊത്തവിതരണം, ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങള്‍, റിയല്‍ എസ്റ്റേറ്റ് വികസനം എന്നീ മേഖലകളിലും ലുലു പ്രവര്‍ത്തിച്ചുവരുന്നു. 23 രാജ്യങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബെംഗളൂരു, ലഖ്‌നൗ എന്നിവിടങ്ങളിലായി അഞ്ച് വന്‍കിട മാളുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version