കാഠ്മണ്ഡു:യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് പർവതം കീഴടക്കി മലയാളി ഐഎഎസ് ഓഫീസർ. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ, സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്ന അർജുൻ പാണ്ഡ്യനാണ് ഒരു വർഷത്തിനിടയിൽ രണ്ടാമത്തെ ഭൂഖണ്ഡത്തിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കിയത്.
തെക്കൻ റഷ്യയിലെ കോക്കസ് പർവതനിരകളിലാണ് സമുദ്രനിരപ്പിൽനിന്ന് 5642 മീറ്റർ ഉയരമുള്ള എൽബ്രസ് പർവതം സ്ഥിതി ചെയ്യുന്നത്. 2.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് അഗ്‌നിപർവത കൊടുമുടിയെന്ന പ്രത്യേകത കൂടിയുള്ള എൽബ്രസ് പർവതം രൂപപ്പെട്ടത്. ഇതിലെ അഗ്നിപർവതം നിലവിൽ നിഷ്‌ക്രിയമായാണ് കണക്കാക്കുന്നത്.
ജൂലൈ 23ന് ആരംഭിച്ച് അഞ്ചുദിവസത്തെ പര്യവേഷണത്തിന് ഒടുവിൽ അർജുൻ ഉൾപ്പെട്ട അഞ്ചംഗ സംഘം എൽബ്രസ് പർവതത്തിന് മുകളിലെത്തി. അർജുന് പുറമേ മൂന്ന് റഷ്യക്കാരും ഒരു ബംഗ്ലാദേശിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
പർവതാരോഹണത്തിനിടെ 3000 മീറ്ററിലും 3800 മീറ്ററിലും ക്യാമ്പ് ചെയ്തു. തുടർച്ചയായി മഞ്ഞ് വീഴ്ചയുണ്ടാകുന്നതിനാൽ ഐസ് ആക്‌സ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഒപ്പം കരുതിയിരുന്നു. 27 ന് പുലർച്ചെ മൂന്ന് മണിക്ക് ആരംഭിച്ച അവസാന ദിവസത്തെ മലകയറ്റം രാവിലെ 9.30ന് കൊടുമുടിയിലെത്തി ഇന്ത്യൻ പതാക നാട്ടിയാണ് അർജുൻ പൂർത്തിയാക്കിയത്.
കഴിഞ്ഞവർഷം മെയ് മാസത്തിൽ സമുദ്രനിരപ്പിൽനിന്ന് 5,760 മീറ്റർ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 ഉം ഈ വർഷം ഫെബ്രുവരിയിൽ 5895 മീറ്റർ ഉയരമുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോയും അർജുൻ കീഴടക്കിയിരുന്നു.
എൽബ്രസ്, കിളിമഞ്ചാരോ പർവതങ്ങൾ കീഴടക്കുന്ന ആദ്യ ഐഎഎസ് ഓഫീസർ കൂടിയാണ് അർജുൻ പാണ്ഡ്യൻ. ഹിമാലയൻ പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള അടിസ്ഥാന പർവതാരോഹണ കോഴ്സ്, ഡാർജിലിങ്, ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങിൽ നിന്നുള്ള അഡ്വാൻസ്ഡ് മൗണ്ടനീയറിങ് കോഴ്സ് എന്നിവ അർജുൻ പൂർത്തിയാക്കിയിട്ടുണ്ട്.
ഒഴിവുവേളകളിൽ പർവതാരോഹണം നടത്തുന്നയാളാണ് ഇടുക്കിയിലെ മലയോര മേഖലയായ ഏലപ്പാറ ബോണാമിയിൽ ജനിച്ച് വളർന്ന അർജുൻ പാണ്ഡ്യൻ. 2017 ബാച്ച് കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അർജുൻ.
ഒറ്റപ്പാലം സബ് കളക്ടർ, ശബരിമല സ്‌പെഷ്യൽ ഓഫീസർ, ഇടുക്കി ഡവലപ്‌മെന്റ് കമ്മീഷണർ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തി ദേശീയ പതാക നാട്ടുകയെന്ന സ്വപ്നവുമായാണ് ഈ യുവ ഐഎഎസ് ഓഫീസറുടെ ജൈത്രയാത്ര.