Gulf

സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി ആന്‍സ് ജോര്‍ജ് നിരവധി പേരില്‍ പുനര്‍ജനിക്കും. അവയവങ്ങള്‍ മുഴുവന്‍ ദാനംചെയ്തു

Published

on

റിയാദ്: മാനവസ്‌നേഹത്തിന്റെ മകുടോദാഹരണമായി മലയാളി കുടുംബത്തിന്റെ കാരുണ്യം അതിരുകള്‍ താണ്ടുന്നു. സൗദി അറേബ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയുടെ മുഴുവന്‍ അവയവങ്ങളും വേര്‍പാടിന്റെ തീരാവേദനക്കിടയിലും സൗദിയില്‍ ദാനംചെയ്യാന്‍ സന്നദ്ധത അറിയിച്ചാണ് കുടുംബം ആര്‍ദ്രതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും വലിയ മാതൃക തീര്‍ത്തത്.

മസ്തിഷ്‌ക മരണം സംഭവിച്ച കാപ്പുന്തല സ്വദേശി പഴുക്കാത്തറയില്‍ ആന്‍സ് ജോര്‍ജിന്റെ (46) അവയവങ്ങള്‍ ഇനി ഒട്ടേറെപ്പേരില്‍ പുനര്‍ജനിക്കും. പഴുക്കാത്തറയില്‍ ടി എ ജോര്‍ജിന്റെയും ആനിയമ്മയുടെയും മകനാണ്. നാട്ടിലുള്ള ഭാര്യ സിന്ധുവിന്റെയും ആന്‍സിന്റെ മാതാപിതാക്കളുടെയും സമ്മതപത്രം ലഭിച്ചതോടെ ആശുപത്രി അധികൃതര്‍ ആന്‍സിന്റെ മുഴുവന്‍ അവയവങ്ങളും ദാനംചെയ്യാനായി നീക്കം ചെയ്തു.

മൃതദേഹം ഈയാഴ്ച തന്നെ കേരളത്തിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ആന്‍സിന്റെ സഹോദരന്‍ ആല്‍ബിയും സൗദിയിലാണ് ജോലിചെയ്യുന്നത്. ഇരുവരും ചേര്‍ന്ന് റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അല്‍ഗാദില്‍ വര്‍ഷ്‌ഷോപ് നടത്തിവരികയായിരുന്നു. ആല്‍ബിയും നാട്ടിലുള്ള മറ്റൊരു സഹോദരന്‍ ജോയിസും മറ്റ് കുടുംബാംഗങ്ങളുമെല്ലാം കൂടിയാലോചിച്ചാണ് അവയവദാനത്തിന് തീരുമാനമെടുത്തത്. ആന്‍സിന്റെ ഭാര്യ സിന്ധു മേട്ടുംപാറ ആശാംപറമ്പില്‍ കുടുംബാംഗമാണ്.

ഒക്ടോബര്‍ അഞ്ചാം തീയതിയാണ് ആന്‍സിന് അപടകടത്തില്‍ ഗുരുതര പരിക്കേറ്റത്. ജോലിക്കിടെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നു കാല്‍വഴുതി വീഴുകയായിരുന്നു. റിയാദിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഈ മാസം 14ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ചെയ്തു.

റിയാദിലുള്ള സഹോദരന്‍ ആല്‍ബിയും ആശുപത്രി അധികൃതരും നാട്ടിലുള്ള ആന്‍സിന്റെ ഭാര്യ സിന്ധുവുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് അവയവദാനത്തിന് വഴിയൊരുങ്ങിയത്. ആന്‍സിന്റെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സമ്മതവും നിര്‍ണായകമായി. സമ്മതപത്രം ആശുപത്രി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളായ സിനു, ആന്‍സു എന്നിവരാണ് ആന്‍സ് ജോര്‍ജിന്റെ മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version