Gulf

35 മിനിറ്റ് കൊണ്ട് ജിദ്ദയില്‍ നിന്ന് മക്കയിലെത്താം; പുതിയ റോഡിന്റെ നിര്‍മാണ ജോലികള്‍ 70% പൂര്‍ത്തിയായി

Published

on

ജിദ്ദ: കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെയും മക്ക മസ്ജിദുല്‍ ഹറാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ ഹൈവേയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. റോഡ് നിര്‍മാണത്തിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്‌സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) പ്രഖ്യാപിച്ചു.

നാലാമത്തെയും അവസാനത്തെയും ഘട്ടമായ 20 കിലോമീറ്റര്‍ റോഡ് പണി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ആര്‍ജിഎ എക്‌സ് പ്ലാറ്റ്‌ഫോമിലെ (പഴയ ട്വിറ്റര്‍) ഔദ്യോഗിക അക്കൗണ്ടില്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ഏഴു കിലോമീറ്റും രണ്ടാം ഘട്ടത്തില്‍ 19 കിലോമീറ്ററും മൂന്നാം ഘട്ടത്തില്‍ 27 കിലോമീറ്ററും ഉള്‍പ്പെടെ ആകെ 73 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാതയാണ് പണിയുന്നത്.

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് 35 മിനിറ്റ് കൊണ്ട് മക്കയിലെത്താന്‍ വേണ്ടിയാണ് നേരിട്ടുള്ള പാത പണിയുന്നത്. നിലവിലെ ജിദ്ദ-മക്ക റോഡ് ഉള്‍പ്പെടെയുള്ള പാതകളിലെ തിരക്ക് കുറയാനും ഇത് സഹായിക്കും. ഉംറ, ഹജ്ജ് തീര്‍ഥാടകരുടെ വരവും പോക്കും എളുപ്പമാക്കാന്‍ കഴിയുന്നതിനൊപ്പം തീര്‍ത്ഥാടകര്‍ അപകടത്തില്‍പെടുന്നത് ഒരു പരിധിവരെ കുറയ്ക്കാനും ഇതിലൂടെ കഴിയമെന്ന് പ്രതീക്ഷിക്കുന്നു.

റോഡ് നിര്‍മാണ ജോലികളുടെ 70 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ ദിശയിലും നാലു ട്രാക്കുകള്‍ വീതമുള്ള എട്ട് വരി പാതയാണ് നിര്‍മിക്കുന്നത്. നാലു ഘട്ടമായി ആവിഷ്‌കരിച്ച നിര്‍മാണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ 92 ശതമാനവും രണ്ടാം ഘട്ടത്തിന്റെ 93 ശതമാനവും മൂന്നാം ഘട്ടത്തിന്റെ 100 ശതമാനവും ജോലികള്‍ പൂര്‍ത്തിയായി.

ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ത്തുകയെന്നത് സൗദി വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ഹറം വികസനം ത്വരിതപ്പെടുത്തുകയും കൂടുതല്‍ ഉംറ സേവന കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഉംറ വിസകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ടൂറിസം, വിസിറ്റ് വിസകളില്‍ എത്തുന്നവരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുകയുമുണ്ടായി. സൗദി പൗര്‍മാര്‍ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്.

ജിദ്ദ-മക്ക ഡയറക്ട് റോഡിന്റെ പ്രധാന ലക്ഷ്യം റോഡിന്റെയും ഗതാഗത സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും ശരാശരി യാത്രാ സമയം 35 മിനിറ്റായി കുറയ്ക്കുകയും ചെയ്യുക എന്നതാണ്. പുതിയ പാത വരുന്നതോടെ ഹറമൈന്‍ റോഡിലെ തിരക്ക് ഗണ്യമായി കുറയും.

വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 140 കിലോമീറ്ററായിരിക്കും. പ്രതിവര്‍ഷം മൂന്ന് കോടി ഉംറ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനാണ് പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version