Gulf

പഴയ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്ക നിര്‍മാണം; ഒമാനില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിനെതിരേ നടപടി

Published

on

മസ്‌കറ്റ്: പഴയതും ഉപോഗശൂന്യവുമായ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്കകളും മറ്റ് ഫര്‍ണിച്ചറുകളും നിര്‍മ്മിച്ച വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നിയമ നടപടിയുമായി ഒമാന്‍ അധികൃതര്‍. പഴയ തുണിത്തരങ്ങള്‍, സ്‌പോഞ്ചുകള്‍, മരങ്ങള്‍ തുടങ്ങിയവ സംസ്‌കരിച്ച് കിടക്കകളും മറ്റു ഫര്‍ണിച്ചറുകളും ഉണ്ടാക്കി പുതിയ ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ വില്‍പ്പന നടത്തിയതിനാണ് സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. അല്‍ബത്തീന സൗത്ത് ഗവര്‍ണറേറ്റിലാണ് സംഭവം.

സ്ഥാപനത്തില്‍ നിന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ 4000 കിലോഗ്രാം വരുന്ന അസംസ്‌കൃത വസ്തുക്കള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ഗവര്‍ണറേറ്റില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വലിയ തോതിലുള്ള ക്രമക്കേട് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. സ്ഥാപനത്തിന്റെ ഗോഡൗണില്‍ വലിയ തോതില്‍ പഴയ സ്‌പോഞ്ചുകള്‍, തുണികള്‍, മരക്കഷണങ്ങള്‍, പഴയ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ വൃത്തിഹീനമായ സാഹചര്യത്തില്‍ കൂട്ടിയിട്ടതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ യന്ത്രത്തിന്റെ സഹായത്തോടെ പൊടിച്ച് കിടക്കകള്‍ നിര്‍മ്മിക്കുന്നതിനും ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത് സാമ്പത്തിക തട്ടിപ്പ് മാത്രമല്ല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണെന്ന് മാര്‍ക്കറ്റ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ മുഹമ്മദ് ബിന്‍ ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഹിനായി അറിയിച്ചു. കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാപന ഉടമകള്‍ക്കെതിരെ കനത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിന് വേണ്ടി ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version