ഇടുക്കി: മുഖം മിനുക്കി മൂന്നാറിനൊപ്പം മനോഹരിയായി മനം കീഴടക്കി മൂന്നാർ – ബോഡിമെട്ടിലെ ദേശീയപാത. വീതികൂട്ടി ആധുനികവത്ക്കരിച്ച മൂന്നാർ – ബോഡിമെട്ട് റോഡ് നാളെ ഉദ്ഘാടനം ചെയ്യും. കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ 42 കിലോമീറ്റർ റോഡിൻ്റെ നവീകരണം ആറുവർഷംകൊണ്ടാണ് പൂർത്തീകരിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരി റോഡ് നാടിന് സമർപ്പിക്കും. 381.76 കോടി ചെലവിലാണ് മൂന്നാർ – ബോഡിമെട്ട് റോഡിൻ്റെ നവീകരണ ജോലികൾ പൂർത്തീകരിച്ചത്.
2017 സെപ്റ്റംബറിൽ റോഡിൻ്റെ നിർമ്മാണ ജോലികൾ തുടങ്ങി. നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന റോഡ് 15 മീറ്ററായി വീതി കൂട്ടി. നിർമാണ കരാറിൽ രണ്ടുവർഷത്തിനുള്ളിൽ പാതയുടെ നവീകരണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പലവിധ വെല്ലുവിളികൾ മൂലം നിർമ്മാണം നീണ്ടു. നിർമ്മാണ ജോലിക്കിടെ ദേവികുളം ഗ്യാപ്പ് റോഡിൽ അടിക്കടി മലയിടിഞ്ഞതായിരുന്നു നേരിട്ട പ്രധാനപ്രശ്നങ്ങളിൽ ഒന്ന്. റോഡ് കടന്നുപോകുന്ന മൂന്നരക്കിലോമീറ്ററോളം ഭാഗം വനഭൂമിയാണ്.
ജില്ലയിലെ ആദ്യ ടോൾപ്ലാസ ഒരുക്കിയിട്ടുള്ള പാതയെന്ന പ്രത്യേകതയും മൂന്നാർ ബോഡിമെട്ട് റോഡിനുണ്ട്. ദേവികുളം ലാക്കാട് ഭാഗത്താണ് ആറുവരികളിലായി വാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ ടോൾപ്ലാസ നിർമ്മിച്ചിട്ടുള്ളത്. ഏഴ് ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ചിട്ടുണ്ട്. മുഖം മിനുക്കിയ പാത മൂന്നാറിൻ്റെ വിനോദസഞ്ചാരത്തിന് വലിയ കരുത്ത് പകരുന്നതാണ്. തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും ഒരേപോലെ നവീകരിച്ച മൂന്നാർ – ബോഡിമെട്ട് റോഡിലൂടെ സുഗമമായി യാത്ര ചെയ്യാം.