Kerala

മധു വധക്കേസ്; 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും പിഴയും

Published

on

പാലക്കാട്: അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികൾക്കു വിവിധ വകുപ്പുകളിലായി 7 വർഷം തടവും 1.05 ലക്ഷം പിഴയും. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പതിനാറാം പ്രതിക്ക് 3 മാസം തടവും 500 രുപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്ത അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ കേസിൽനിന്ന് മുക്തനാകാം. ആൾകൂട്ട ആക്രമണങ്ങൾ അവസാനത്തേതാകട്ടെയെന്ന് വിധി പ്രസ്താവിത്തിനിടെ ജഡ്ജി പറഞ്ഞു. മണ്ണാർക്കാട് പട്ടികജാതി – വർഗ പ്രത്യേക കോടതിയുടേതാണ് വിധി. കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ രണ്ടു പ്രതികളെ വിട്ടയച്ചിരുന്നു.

മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദനം തുടങ്ങിയവയ്ക്കു പുറമേ പട്ടികജാതി – വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. അതേസമയം, കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. കെ‍ാലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും 2 പേരെ വിട്ടയച്ചതിനെതിരെയും അപ്പീൽ നൽകുമെന്നു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. നാലാം പ്രതി അനീഷ്, 11–ാം പ്രതി സിദ്ദീഖ് എന്നിവരെയാണു വിട്ടയച്ചത്.

സാക്ഷികളുടെ കൂറുമാറ്റവും പ്രോസിക്യൂട്ടർമാരുടെ മാറ്റവുമുൾപ്പെടെ ഏറെ വെല്ലുവിളികൾ നേരിട്ട കേസിന്റെ വിചാരണ ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണത്തിലാണു പൂർത്തിയാക്കിയത്. 127 സാക്ഷികളിൽ 24 പേർ കൂറുമാറി. കൊലപാതകം നടന്ന് ഒന്നര വർഷത്തിനു ശേഷം മധുവിന്റെ അമ്മയുടെ പരാതിയെത്തുടർന്നാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്. ആവശ്യമായ സൗകര്യങ്ങൾ കിട്ടാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് ആദ്യ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞു. കേസിൽ നാലാമത്തെ പ്രോസിക്യൂട്ടറായ രാജേഷ് എം.മേനോന്റെ നേതൃത്വത്തിലാണു വിചാരണ പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version