Sports

മെസ്സി ഇറങ്ങിയിട്ടും തോല്‍വി; പ്ലേ ഓഫിന് ഇന്റര്‍ മയാമി ഇല്ല

Published

on

മയാമി: സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചെത്തിയിട്ടും വിജയിക്കാനാവാതെ ഇന്റര്‍ മയാമി. സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ എഫ്‌സി സിന്‍സിനാറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മയാമി പരാജയപ്പെട്ടത്. അല്‍വാരോ ബാരിയല്‍ നേടിയ ഗോളാണ് സിന്‍സിനാറ്റിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ മേജര്‍ ലീഗ് സോക്കറില്‍ പ്ലേ ഓഫ് കാണാതെ ഇന്റര്‍ മയാമി പുറത്തായി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതാണ് ക്ലബ്ബിന് തിരിച്ചടിയായത്.

ഹോം തട്ടകമായ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസ്സി ഇല്ലാത്ത സ്റ്റാര്‍ട്ടിങ് ഇലവനുമായാണ് ഇന്റര്‍ മയാമി ഇറങ്ങിയത്. ആദ്യ നിമിഷങ്ങളില്‍ മികച്ച പ്രകടനം തന്നെയാണ് മയാമി കാഴ്ചവെച്ചത്. മൂന്ന് തവണ മയാമി താരങ്ങളുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ സിന്‍സിനാറ്റി മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി.

മത്സരത്തിന്റെ 55-ാം മിനിറ്റില്‍ പ്രതിരോധ താരം തോമസ് അവില്‍സിനെ മാറ്റി മെസ്സിയെ ഇറക്കി. താരത്തിന്റെ വരവോടുകൂടി മയാമി കൂടുതല്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. മെസ്സിയുടെ രണ്ട് ഫ്രീകിക്കുകള്‍ ക്രോസ് ബാറിന് മുകളിലൂടെ പോയി. എന്നാല്‍ മെസ്സിപ്പടയെ ഞെട്ടിച്ച് സിന്‍സിനാറ്റിയുടെ ഗോള്‍ പിറന്നു. 78-ാം മിനിറ്റിലാണ് അല്‍വാരോ ബാരിയല്‍ മത്സരത്തിലെ വിജയ ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ മത്സരം പൂര്‍ണമായും സിന്‍സിനാറ്റിയുടെ നിയന്ത്രണത്തിലായി. അവസാന നിമിഷങ്ങളില്‍ മെസ്സി സമനില കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version