Sports

ലോസ് ആഞ്ചലസിനെ തറ പറ്റിച്ച് ഇന്റർമയാമി; ​രണ്ട് അസിസ്റ്റുകളുമായി മെസി

Published

on

മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തിൽ ലോസ് ആഞ്ചലസ് എഫ്സിയെ തറ പറ്റിച്ച് ഇൻർമയാമി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ലോസ് ആഞ്ചലസ് എഫ്സിയെ ഇൻ്റർമയാമി പരാജയപ്പെടുത്തിയത്. ​ഗോൾ നേടാനായില്ലെങ്കിലും സൂപ്പർ താരം ലയണൽ മെസി രണ്ട് അസിസ്റ്റുകളുമായി കളിയിൽ തിളങ്ങി. ഫക്കുണ്ടോ ഫാരിയസും ജോർഡി ആൽബയും കാമ്പാനയുമായിരുന്നു ഇന്റർമയാമിക്കായി ​ഗോൾ നേടിയത്. റയാൻ ഹോളിം​ഗ്ഷെഡാണ് ലോസ് ആഞ്ചലസിന് വേണ്ടി വല കുലുക്കിയത്.

കളിയുടെ തുടക്കത്തിൽ തന്നെ ഇന്റർമയാമി ബോക്സിലേക്ക് തുടർച്ചയായ ആക്രമണങ്ങളുമായി ലോസ് ആഞ്ചലസ് കളം നിറഞ്ഞെങ്കിലും ലക്ഷ്യം കാണാനായില്ല. എട്ടാം മിനിറ്റിൽ മെസിയും ബുസ്കെറ്റ്സും ചേർന്ന് നടത്തിയ ആക്രമണത്തിനിടെ നഷ്ടപ്പെട്ട പന്ത് ബൗം​ഗ നേടുകയും മയാമി ബോക്സിലേക്ക് പാഞ്ഞടുക്കുകയും ചെയ്തെങ്കിലും ഫിനിഷ് ചെയ്യാനായില്ല. ഇൻർമയായി ​ഗോളി കാലൻഡർ അടുത്ത കാലത്ത് നടത്തിയ മികച്ച പ്രകടനത്തിലൂടെയായിരുന്നു ബോക്സിലേക്ക് പാഞ്ഞടുത്ത പന്തിനെ തട്ടി മാറ്റിയത്.

ലോസ് ആഞ്ചലസ് പ്രതിരോധ താരം മക്കാർത്തിയെ മറി കടന്നായിരുന്നു 14ാം മിനിറ്റിൽ ഫാരിയസ് ​ഗോൾ നേടിയത്. ഔട്ടർ ബോക്സിനുള്ളിൽ വഴുതി വീണായിരുന്നു ഫാരിയസ് പന്തിനെ ഫിനിഷിം​ഗ് ലൈൻ കടത്തിയത്. പന്ത് കളയാതെ കളിക്കുന്ന മയാമിയിൽ നിന്ന് വീണു കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ ലോസ് ആഞ്ചലസ് ശ്രമിച്ചെങ്കിലും ​ഗോളി കാലെൻഡറിന് മുന്നിൽ കലമുടയ്ക്കുകയായിരുന്നു.

36ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ സമനില പിടിക്കാൻ എൽഎഎഫ്സിക്ക് അവസരം ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മധ്യനിര താരം അക്കോസ്റ്റക്ക് പകരക്കാരനായി ടിൽമാനെ ഇറക്കിയാണ് എൽഎഎഫ്സിക്ക് രണ്ടാം പകുതിയില്‍ കളിച്ചത് . സൂപ്പർതാരം മെസിയുടെ അസിസ്റ്റിലാണ് ആൽബ ഇൻ്റർമയാമിക്കായി രണ്ടാം ​ഗോൾ നേടിയത്.

​രണ്ടാം ഗോൾ വഴങ്ങിയതിന് പിറകെ 52ാം മിനിറ്റിൽ മുൻനിരയിൽ നിന്ന് ചില്ലിനിയെ മാറ്റി പ്രതിരോധ നിര ശക്തമാക്കാനാണ് എൽഎഫ്സി മുതിർന്നത്. 71ാം മിനിറ്റിൽ വല കുലുക്കാൻ മെസി ശ്രമം നടത്തിയെങ്കിലും നാല് എൽഎഫ്സി ഡിഫൻഡർമാർക്കിടയിൽ നിന്ന് കിക്കെടുക്കാനായില്ല. ബാക്ക് ഹീൽ ചെയ്ത പന്ത് ഫാരിയസിന് കൈമാറി. ലോങ് റേഞ്ചിൽ നിന്ന് ഫാരിയസ് കിക്കെടുത്തെങ്കിലും പന്ത് ക്രോസ് ബാറിനെ മറികടന്ന് പോയി. 74ാം മിനിറ്റിൽ ഫാരിയസിന് പകരക്കാരനായി കാമ്പാനയെ ഇൻ്റർമയാമി കളത്തിലേക്കിറക്കി.

പകരക്കാരനായെത്തിയ കാമ്പാന, 83ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ മയാമിയുടെ മൂന്നാം ​ഗോൾ നേടുകയായിരുന്നു. പ്രതിരോധനിരക്കാരനായ റയാൻ ഹോളിം​ഗ്ഷെഡാണ് എൽഎഫ്സിക്കായി ആശ്വാസ ​ഗോൾ നേടിയത്. 90ാം മിനിറ്റിൽ നേടിയ കോർണറിലൂടെയായിരുന്നു കാലൻഡെറിന്റെ ക്ലീൻഷീറ്റ് റയാൻ നഷ്ടപ്പെടുത്തിയത്. ആറ് മിനിറ്റായിരുന്നു കളിയിൽ അധികസമയം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version