Tech

ഏത് ഭാഷയിലും പോഡ്കാസ്റ്റ് കേൾക്കാം; വോയ്‌സ് ട്രാൻസ്ലേഷൻ പരീക്ഷണങ്ങളുമായി സ്പോട്ടിഫൈ

Published

on

എഐയുടെ സഹായത്തോടെ പോഡ്‌കാസ്റ്റുകൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്ന ഫീച്ചർ കൊണ്ടുവരാനൊരുങ്ങി സ്പോട്ടിഫൈ ടെക്നോളജി. കമ്പനി വക്താക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഡാക്സ് ഷെപ്പേർഡ്, ലെക്സ് ഫ്രിഡ്മാന്‍ തുടങ്ങിയ പോഡ്‌കാസ്റ്റുകൾ വോയ്‌സ് ട്രാൻസ്ലേഷൻ ആരംഭിച്ചതായി കമ്പനി വക്താക്കൾ വ്യക്തമാക്കി.

മൈക്രോസോഫ്‌റ്റിന്റെ ഓപ്പൺഎഐയുടെ പിന്തുണയുള്ള ഈ ഫീച്ചർ വഴി ട്രാൻസ്ലേറ്റ് ചെയ്യുമ്പോൾ ആ പതിപ്പുകളും യഥാർത്ഥ അവതാരകരുടെ ശബ്ദത്തിലും ശൈലിയിലുമായിരിക്കും കേൾക്കാൻ കഴിയുക. ഇത് വഴി പരമ്പരാഗത ഡബ്ബിങ് ശൈലികളിൽ നിന്ന് വ്യത്യസ്തമായി ഏറെ സ്വഭാവികതയോടെ തന്നെ ശ്രോതാക്കൾക്ക് അത് ആസ്വദിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

‘ലോകമെമ്പാടുമുള്ള ശ്രോതാക്കൾക്ക് ഈ ഫീച്ചറിലൂടെ പുതിയ പോഡ്‌കാസ്റ്ററുകള്‍ കണ്ടെത്താനും അത് ആസ്വദിക്കാനും സാധിക്കും. അങ്ങനെ ശ്രോതാക്കളും അവതാരകരും തമ്മിൽ ഒരു മികച്ച ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ സ്‌പോട്ടിഫൈ വിപി സിയാദ് സുൽത്താൻ പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്ത പോഡ്കാസ്റ്റ് ഷോ എപ്പിസോഡുകളുടെ ട്രാൻസ്ലേഷൻ പതിപ്പുകൾ തിങ്കളാഴ്ച മുതൽ ലഭ്യമാണ്. അവ സ്പാനിഷ്, ഫ്രഞ്ച്, ജർമൻ ഭാഷകളിൽ കേൾക്കാൻ സാധിക്കും. ഉപയോക്താക്കളുടെ പ്രതികരണങ്ങൾക്ക് ശേഷം ഇത് വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. വോയിസ് ട്രാൻസ്ലേഷൻ ഫീച്ചറിലൂടെ പോഡ്‌കാസ്റ്റുകളുടെ ശ്രോതാക്കളുടെ എണ്ണം കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version