Sports

ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തും, വെളിപ്പെടുത്തലുമായി ഇന്റർ മയാമി ഉടമ; പക്ഷേ നടക്കുക ഇങ്ങനെ…

Published

on

അർജന്റൈൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ( Lionel Messi ) തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്‌സലോണയിലേക്ക് ( F C Barcelona ) തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി ( Inter Miami ) സഹ ഉടമ ജോർജ് മാസ്. രണ്ട് പതിറ്റാണ്ടിൽ അധികം നീണ്ട ആത്മബന്ധമാണ് ലയണൽ മെസിയും സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്‌സലോണയും തമ്മിലുള്ളത്.

സാമ്പത്തിക പ്രതിസന്ധിയും പ്രശ്‌നങ്ങളും കാരണം 2021 ൽ ലയണൽ മെസിക്ക് എഫ് സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു. തുടർന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ( PSG ) യിലേക്ക് ചേക്കേറിയ ലയണൽ മെസി 2023 ജൂൺ 30 വരെ നീണ്ട രണ്ട് വർഷ കരാർ പൂർത്തിയാക്കിയശേഷം നിലവിൽ ഇന്റർ മയാമിയിലാണ് കളിക്കുന്നത്. 2025 ഡിസംബർ 31 വരെയാണ് ഇന്റർ മയാമിയുമായി ലയണൽ മെസിക്ക് കരാറുള്ളത്. ഇംഗ്ലീഷ് മുൻ സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മയാമി.

എഫ് സി ബാഴ്‌സലോണയ്ക്കൊപ്പം ഒരു വിടവാങ്ങൽ മത്സരം കളിക്കാനുള്ള അവസരം ഉണ്ടാക്കും എന്നാണ് ഇന്റർ മയാമി സഹ ഉടമയായ ജോർജ് മാസ് പറഞ്ഞത്. ”ഇത് ഏതെങ്കിലും തരത്തിലുള്ള സൗഹൃദ ഗെയിമാണോ വിടവാങ്ങൽ ഗെയിമാണോ എന്ന് എനിക്കറിയില്ല. വേനൽക്കാലത്ത് എഫ്സി ബാഴ്‌സലോണ കളിക്കുന്ന ഗാമ്പർ ട്രോഫിയുണ്ട്. പുതിയ ക്യാമ്പ് നൗ തുറക്കുമ്പോൾ അവിടെ ഇത്തരത്തിലുള്ള എന്തെങ്കിലും പ്രതീക്ഷിക്കാം. എഫ് സി ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ വിൽ അടുത്ത ഒന്നര വർഷത്തേക്ക് അവർ കളിക്കില്ല, നവീകരണം നടക്കുന്നതിനാലാണിത്. ഒന്നര വർഷത്തിനു ശേഷം പുതിയ ക്യാമ്പ് നൗ തുറക്കുമ്പോൾ ലയണൽ മെസിക്ക് ശരിയായ വിട പറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”. ജോർജ് മസ് പറഞ്ഞു.

”ലയണൽ മെസി എഫ് സി ബാഴ്‌സലോണയിലേക്ക് ലോൺ വ്യവസ്ഥയിൽ പോലും തിരിച്ച് പോകില്ല, പക്ഷേ, എഫ്സി ബാഴ്‌സലോണ ജഴ്‌സിയിൽ വിടവാങ്ങൽ മത്സരം ചിലപ്പോൾ നടന്നേക്കും. അതിനായി ഞാൻ പരിശ്രമിക്കും. കാരണം, എഫ് സി ബാഴ്‌സലോണയിൽ നിന്ന് ശരിയായ ഒരു യാത്രയയപ്പ് മത്സരം ലയണൽ മെസി അർഹിക്കുന്നുണ്ട്”. ജോർജ് മസ് കൂട്ടിച്ചേർത്തു.

2023 ജൂലൈ 15 നാണ് ലയണൽ മെസി എംഎൽഎസ് ( മേജർ ലീഗ് സോക്കർ ) ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. 2023 ലീഗ്‌ കപ്പിൽ ഇന്റർ മയാമിക്കു വേണ്ടി ജൂലൈ 22 നായിരുന്നു ലയണൽ മെസിയുടെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായെത്തിയ ലയണൽ മെസി നേടിയ ഗോളിൽ ഇന്റർ മയാമി ജയം സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ലയണൽ മെസി ഗോൾ സ്വന്തമാക്കി. ഇന്റർ മയാമിക്കു വേണ്ടി ഇറങ്ങിയ രണ്ട് മത്സരത്തിൽ നിന്ന് മൂന്ന് ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.

ലീഗ്‌ കപ്പിൽ ഇന്റർ മയാമിയുടെ നോക്കൗട്ട് മത്സരമാണ് ലയണൽ മെസി അടുത്തതായി കളിക്കാൻ ഒരുങ്ങുന്നത്. അമേരിക്കൻ ക്ലബ്ബായ ഒർലാൻഡൊ സിറ്റി എസ്സി യാണ് ഇന്റർ മയാമിയുടെ എതിരാളി. ലീഗ്‌സ് കപ്പ് ഗ്രൂപ്പ് ജെ യിൽ രണ്ട് മത്സരത്തിലും ജയം നേടി ആറ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്റർ മയാമി നോക്കൗട്ടിൽ എത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version