ഐ എഫ് എഫ് എച്ച് എസ് ( ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ) പ്ലേയിങ് ഇലവനിൽ അർജന്റൈൻ ( Argentina Football ) സൂപ്പർ താരം ലയണൽ മെസി ( Lionel Messi ) വീണ്ടും ഇടം നേടി. നേരത്തേ ഐ എഫ് എഫ് എച്ച് എസ് പ്രഖ്യാപിച്ച 2023 ലെ ഏറ്റവും മികച്ച പ്ലേയിങ് ഇലവനിലും അർജന്റൈൻ ഇതിഹാസം ഇടം പിടിച്ചിരുന്നു. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പാണ് 2024 കലണ്ടർ വർഷത്തിൽ ലയണൽ മെസിയുടെയും അർജന്റീനയുടെയും ഏറ്റവും വലിയ ലക്ഷ്യം. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്കു വേണ്ടിയാണ് മെസി നിലവിൽ കളിക്കുന്നത്.
ഐ എഫ് എഫ് എച്ച് എസ് പ്രഖ്യാപിച്ച കോൺമെബോൾ ടീം ഓഫ് ദ ഇയറിലാണ് ലയണൽ മെസി ഉൾപ്പെട്ടത്. മെസിക്ക് ഒപ്പം സൂപ്പർ താരനിരതന്നെ ഉണ്ടെന്നതും ശ്രദ്ധേയം. യുറഗ്വായ് സ്‌ട്രൈക്കറായ ഡാർവിൻ നൂനെസ് ഉൾപ്പെടെയുള്ള സൂപ്പർ കളിക്കാരും ടീമിൽ ഉൾപ്പെട്ടു. ലാറ്റിനമേരിക്കൻ ടീമുകളിലെ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച എല്ലാവരെയും ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
അർജന്റീന, ബ്രസീൽ, യുറഗ്വായ് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാർ മാത്രമാണ് മികച്ച പ്ലേയിങ് ഇലവനിൽ ഉള്ളതെന്നതാണ് മറ്റൊരു വാസ്തവം. അർജന്റീനയിൽ നിന്നുള്ള ആറ്, യുറഗ്വായിൽ നിന്നുള്ള മൂന്ന്, ബ്രസീലിൽ നിന്നുള്ള രണ്ട് എന്നിങ്ങനെയാണ് ഈ പട്ടിക.
ലയണൽ മെസിക്ക് ഒപ്പം ലൗതാരൊ മാർട്ടിനെസ്, ജെർമൻ കാനൊ, അലെക്‌സിസ് മാക് അല്ലിസ്റ്റർ, ക്രിസ്റ്റ്യൻ റൊമെറോ, നിക്കോളാസ് ഒട്ടമെൻഡി എന്നിവരാണ് ലാറ്റിനമേരിക്കൻ മികച്ച 11 അംഗ ടീമിൽ ഉൾപ്പെട്ട അർജന്റൈൻ കളിക്കാർ. ബ്രസീലിൽ നിന്ന് വിനീഷ്യസ് ജൂനിയർ, ഗോൾ കീപ്പർ എഡേഴ്‌സൺ എന്നിവർ മാത്രമാണ് ടീമിൽ ഉൾപ്പെട്ടത്. പരിക്കേറ്റ് പുറത്തിരിക്കുന്ന നെയ്മർ, കാസെമിറൊ തുടങ്ങിവർക്ക് ഒന്നും ഇടം ലഭിച്ചില്ലെന്നതും ശ്രദ്ധേയം. മുന്നേറ്റ നിരയ്ക്ക് പിന്നിൽ അറ്റാക്കിങ് മിഡ്ഫീൽഡിലായാണ് മെസിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
2024 കലണ്ടർ വർഷത്തിൽ കോപ്പ അമേരിക്ക നിലനിർത്തുന്നതിന് ഒപ്പം മേജർ ലീഗ് സോക്കർ കിരീടത്തിൽ ഇന്റർ മയാമിയെ എത്തിക്കുകയും ലയണൽ മെസിയുടെ ലക്ഷ്യത്തിൽ പ്രധാനമാണ്. 2023 ജൂലൈ പകുതിയോടെയാണ് ഇന്റർ മയാമിയിൽ ലയണൽ മെസി എത്തിയത്. യുറഗ്വായ് സൂപ്പർ സ്‌ട്രൈക്കറായ ലൂയിസ് സുവാരസും ഇന്റർ മയാമിയിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ മേജർ ലീഗ് സോക്കർ കിരീടത്തിൽ ഇതുവരെ എത്താൻ ഇന്റർ മയാമിക്കു സാധിച്ചിട്ടില്ല.
ലാറ്റിനമേരിക്കൻ മികച്ച പ്ലേയിങ് ഇലവൻ: ഗോൾ കീപ്പർ – എഡേഴ്‌സൺ ( മാഞ്ചസ്റ്റർ സിറ്റി ). പ്രതിരോധ നിര – നിക്കോളാസ് ഒട്ടമെൻഡി ( ബെൻഫിക ), ക്രിസ്റ്റിയൻ റൊമെറൊ ( ടോട്ടൻഹാം ഹോട്ട്‌സ്പർ ), റൊണാൾഡോ അരൗഹോ ( എഫ് സി ബാഴ്‌സലോണ ). മധ്യനിര – ഫെഡെറിക്കൊ വാൽവർഡെ ( റയൽ മാഡ്രിഡ് ), അലക്‌സിസ് അല്ലിസ്റ്റർ ( ലിവർപൂൾ ), ലയണൽ മെസി ( ഇന്റർ മയാമി ). ഫോർവേഡ് – വിനീഷ്യസ് ജൂണിയർ ( റയൽ മാഡ്രിഡ് ), ലൗതാരൊ മാർട്ടിനെസ് ( ഇന്റർ മിലാൻ ), ജെർമൻ കാനൊ ( ഫ്‌ളൂമിനെൻസ് ), ഡാർവിൻ നൂനെസ് ( ലിവർപൂൾ ).