Sports

‘ലെറ്റ്സ് ഫുട്ബോൾ’; ഐഎസ്എൽ പത്താം പതിപ്പിന് നാളെ കിക്കോഫ്

Published

on

കേരളാ ബ്ലാസ്റ്റേഴ്സ്, ഐഎസ്എല്ലിന്റെ പ്രഥമ സീസണിലും മൂന്നാം സീസണിലും ഫൈനലിൽ എത്തിയ ടീം. പിന്നീട് മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ പ്രയാസപ്പെട്ടു. എന്നാൽ സെർബിയൻ പരിശീലകൻ ഇവാൻ വുകാമനോവിച്ച് എത്തിയതോടെ കളി മാറി. എട്ടാം പതിപ്പിൽ വീണ്ടും ഫൈനലിൽ എത്തി. നിർഭാ​ഗ്യം മൂന്ന് തവണ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സ് തോൽവിക്ക് കാരണമായി. കഴിഞ്ഞ സീസണിൽ നിർണായക മത്സരത്തിൽ ബെം​ഗളൂരു എഫ്സിയുടെ വിവാദ ​ഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചു. ഇത്തവണ എല്ലാ കണക്കുകളും തീർത്ത് കിരീടം ചൂടുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സ്വന്തം സ്റ്റേഡിയത്തിലും എതിരാളിയുടെ നാട്ടിലുമായി 11 ടീമുകളോട് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടണം. അതിൽ ചാമ്പ്യന്മാരായ മോഹൻ ബ​ഗാൻ മുതൽ നവാ​ഗതരായ പഞ്ചാബ് വരെയുണ്ട്.

മോഹൻ ബ​ഗാൻ സൂപ്പർ ജയന്റസ് നിലവിലത്തെ ഐഎസ്എൽ ചാമ്പ്യന്മാരാണ്. ഒപ്പം ഡ്യൂറൻഡ് കപ്പിലും കിരീടം നേടിയാണ് മോഹൻ ബ​ഗാന്റെ വരവ്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയുള്ള സന്തുലിതമായ ടീമാണ് മോഹൻ ബ​ഗാന്റെ കരുത്ത്. ജേസൺ കമ്മിങ്സ്, ദിമിത്രി പെട്രാറ്റോസ്, മൻവീർ സിങ്, ലിസ്റ്റൺ കൊളാസോ എന്നിവരാണ് മുന്നേറ്റ നിരയുടെ കരുത്ത്. സഹൽ അബ്ദുൾ സമദ്, യൂഘോ ബൗമു, ജോണി കൊക്കോ, അനിരുദ്ധ് ഥാപ്പ തുടങ്ങിവർ മധ്യനിരയിൽ അണിനിരക്കുന്നു. പ്രതിരോധ നിരയിലെ അൻവർ അലിയെ മറികടക്കുക ഏതൊരു ടീമിനും ബുദ്ധിമുട്ടാകും. സ്പെയിൻ പരിശീലകനായ യുവാൻ ഫെറാൻഡോയാണ് ബ​ഗാന് കളി പറഞ്ഞുകൊടുക്കുന്നത്.

കഴിഞ്ഞ സീസണിലെ പലതാരങ്ങളെയും ഒഴിവാക്കി പുത്തൻ നിരയുമായാണ് ബെം​ഗളൂരു എഫ്സിയുടെ വരവ്. യുവത്വത്തിനാണ് ബെം​ഗളൂരു പ്രാധാന്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ബെം​ഗളൂരു. ഡ്യൂറൻഡ് കപ്പിൽ രണ്ടാം നിര ടീമിനെ അയച്ചതിനാൽ ബെം​ഗളൂരുവിന്റെ കരുത്തും ദൗർബല്യവും എതിർ ടീമുകൾക്ക് അത്ര പരിചിതമല്ല. ഏഷ്യൻ ​ഗെയിംസ് നടക്കുന്നതിനാൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ആദ്യ മത്സരങ്ങളിൽ ബെം​ഗളൂരുവിനൊപ്പം ഉണ്ടാകില്ല. ഹാവി ഹെർണാണ്ടസ്, റയാൻ വില്യംസ്, കുർട്ടിസ് മാർട്ടിൻ, കെസിയ വിൻഡോർപ്, സ്‌ലാവ്‌കോ ദാമനോവിച്ച്, സലാം ജോൺസൺ സിങ്, രോഹിത് ഡാനു, ജെസ്സൽ കാർനെയ്റോ, ഹലിചരൺ നർസാരി, ശിവശക്തി നാരായണൻ, ​ഗുർപ്രീത് സിങ് സന്ധു, രോഷൻ സിങ് തുടങ്ങിയ താരങ്ങളാണ് ബെം​ഗളൂരു നിരയിലുള്ളത്. സൈമൺ ​ഗ്രേസൺ ആണ് പരിശീലകൻ.

കഴിഞ്ഞ സീസണിൽ ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ് വിജയിച്ച മുംബൈ സിറ്റിക്ക് കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലും സഡൻ ഡെത്തിലും ബെം​ഗളൂരു എഫ്സിയുമായി കടുത്ത പോരാട്ടം നടത്തിയ ശേഷമാണ് മുംബൈ കഴിഞ്ഞ തവണ കീഴടങ്ങിയത്. എഎഫ്സി ചാമ്പ്യൻസ് ലീ​ഗിൽ നടന്ന ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയാണ് മുംബൈയുടെ വരവ്. യോവേൽ വാൻ നീഫും നാസ്സർ എൽ ഖയാറ്റി, ആകാശ് മിശ്ര, വിനിത് റായി, ​ഗ്രെ​ഗ് സ്റ്റുവർട്ട്, ഹോർഹെ പെരേര തുടങ്ങിയവർ മുംബൈക്കായി അണിനിരക്കുന്നു. ഇത്തവണ കപ്പുയർത്തുന്നതിനപ്പുറം മുംബൈയ്ക്ക് മറ്റുചിന്തകളില്ല.

ഇത്തവണയും കഴിഞ്ഞ സീസണുകളിലെ മികച്ച പ്രകടനം ആവർത്തിക്കുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. 2021ൽ ചാമ്പ്യനും 2022ൽ സെമി ഫൈനലിസ്റ്റകളുമാണ് ഹൈദരാബാദ്. പക്ഷേ കഴിഞ്ഞ സീസണുകളിൽ ഹൈദരാബാദിനെ മുന്നിൽ നിന്ന് നയിച്ച ബർത്തലോമിയോ ഓ​ഗ്ബെച്ചെ ഇത്തവണ ടീമിലില്ല. ജൊനാഥൻ മോയ, ഫെലിപെ അമോറിം, ജോ നോൾസ്, പെറ്റേരി പെന്നാനെൻ, ജാവോ വിക്ടർ തുടങ്ങിയ വിദേശ താരങ്ങളിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ.

ഐഎസ്എല്ലിന് എത്തുമ്പോൾ ഡ്യൂറൻഡ് കപ്പിലെ മോശം പ്രകടനമാണ് ഒഡീഷ എഫ്സിയുടെ മുന്നിലുള്ളത്. ഐഎസ്എല്ലിലെ സൂപ്പർ പരിശീലകരിൽ ഒരാളായ സെർജിയോ ലൊബേറയ്ക്കാണ് ഒഡീഷയെ നയിക്കാനുള്ള ചുമതല. അഹ്‌മദ്‌ ജാഹു, മൗത്താഡ ഫാൾ, ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണ, ബ്രസിലിയൻ സൂപ്പർ താരം ഡിയേ​ഗോ മൗറീഷ്യോ, ജെറി ലാർറിൻസ്വാല, ലെന്നി റോഡ്രി​ഗസ് തുടങ്ങിയവർ ഒഡീഷ നിരയിൽ അണിനിരക്കുന്നു.

ഇന്ത്യൻ കരുത്തരെ ഉൾപ്പെടുത്തിയുള്ള നിരയാണ് എഫ്സി ​ഗോവ ഒരുക്കിയിരിക്കുന്നത്. സന്ദേശ് ജിങ്കാൻ, റെയ്നീയർ ഫെർണാണ്ടസ്, ഉദാന്ത സിങ്, റൗളിൻ ബോർ​ഗസ്, ബോറിസ് സിങ്, ബ്രാൻഡൻ ഫെർണാണ്ടസ്, ധീരജ് സിങ്, സെരിട്ടൺ ഫെർണാണ്ടസ് തു‌ടങ്ങിയവർ ​ഗോവയുടെ ഇന്ത്യൻ കരുത്തരാണ്. കാർലോസ് മാർട്ടിനെസ്, കാൾ മക്ഹ്യൂ, ഒഡേയ് ഒനായിന്ത്യ, വിക്ടർ റോഡ്രി​ഗ്സ്, പൗളോ റെട്രി, നോഹ സദോയ് എന്നിവർ വിദേശ താരങ്ങളായി ​ഗോവൻ നിരയിലുണ്ട്. സ്പാനിഷ് പരിശീലകനായ മനോലോ മാർകേസ് ആണ് ​എഫ്സി ​ഗോവയ്ക്ക് വേണ്ടി തന്ത്രങ്ങൾ ഒരുക്കുന്നത്.

പഴയ പരിശീലകൻ ഓവൻ കോയലിനെ തിരിച്ചുവിളിച്ചാണ് ചെന്നൈൻ എഫ്സി ഐഎസ്എല്ലിന് തയ്യാറെടുക്കുന്നത്. കോയൽ വന്നതിന് പിന്നാലെ ചില മാറ്റങ്ങളും ചെന്നൈൻ നിരയിൽ കാണാം. റാഫേൽ ക്രിവെല്ലാറോയെ ചെന്നൈൻ തിരിച്ചുവിളിച്ചു. ഒപ്പം ക്രിസ്റ്റ്യൻ ബാറ്റോച്ചിയോ, കോണർ ഷിൽഡെസ്, ജോർദാൻ മറി, ആയുഷ് അധികാരി, ഫാറുഖ് ചൗധരി തുടങ്ങിയവർ ചെന്നൈൻ നിരയിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് സീസണുകളിലെ മോശം പ്രകടനത്തിൽ നിന്ന് ചെന്നൈനെ കരകയറ്റാൻ സ്കോട്ടീഷ് പരിശീകന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഐഎസ്എല്ലിൽ കഴിഞ്ഞ സീസണുകളിൽ ഏറെ മോശം പ്രകടനമാണ് ഈസ്റ്റ് ബം​ഗാൾ പുറത്തെടുക്കുന്നത്. 2021-22 സീസണിൽ ഒരു ജയം മാത്രമായി അവസാനത്ത് സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴി‍ഞ്ഞ സീസണിൽ മൂന്ന് സ്ഥാനം മാത്രം മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തേയ്ക്ക് കയറി. ഇത്തവണ പ്രതീക്ഷ പകരുന്ന നിരയാണ് ഈസ്റ്റ് ബം​ഗാളിന്റേത്. ഡ്യൂറൻഡ് കപ്പിൽ ഫൈനലിലേക്ക് ഈസ്റ്റ് ബം​ഗാൾ എത്തിയെന്നതും ശ്രദ്ധേയം. ക്ലെയ്റ്റൻ സിൽവ, സോൾ ക്രെസ്പോ, നവോറം മഹേഷ് സിങ് എന്നിവർ സൂക്ഷിക്കേണ്ട താരങ്ങളാണ്.

ജംഷഡ്പൂർ എഫ്സി മികച്ച ടീമാണ്. പക്ഷേ കഴിഞ്ഞ സീസണിൽ പ്ലേ പ്രകടനം മോശമായി. ഇത്തവണ ഇം​ഗ്ലീഷ് പരിശീലകൻ സ്കോട്ട് കൂപ്പറിനെ മുൻനിർത്തിയാണ് ജംഷഡ്പൂരിന്റെ വരവ്. ഡാനിയേൽ ചീമ, പീറ്റർ സ്‌ലിസ്‌കോവിച്ച്, അലൻ സ്റ്റിവാനോവിച്ച്, എൽസീഞ്ഞോ, ജെർമി മൻസോറോ, റെയ് തച്ചികാവ തുടങ്ങിവർ ജംഷഡ്പൂരിന്റെ വിദേശകരുത്താണ്.

ഐഎസ്എല്ലിൽ അത്ര മികച്ച പ്രകടനം നടത്താൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിട്ടില്ല. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് വടക്കുകിഴക്കൻ താരങ്ങളെന്നത് മറ്റൊരു യാഥാർത്ഥ്യം. സ്പാനിഷ് പരിശീലകൻ പെഡ്രോ ബെനാലിയുടെ കീഴിലാണ് നോർത്ത് ഈസ്റ്റ് കളിക്കാനെത്തുന്നത്. റൊമെയ്ൻ ഫിലിപ്പോട്ടക്സ്, ഇബ്സൻ മെലോ, നെസ്റ്റർ അൽബിയാച്ച്, മിച്ചൽ സബാക്കോ, യാസർ ഹമദ്, മുഹമ്മദ് അലി ബെമാമ്മർ, റെഡീം ത്‌ലാങ്‌ തുടങ്ങിയവർ നോർത്ത ഈസ്റ്റ് നിരയിൽ അണിനിരക്കുന്നു.

ഐ ലീ​ഗിൽ നിന്ന് പ്രമോഷൻ ലഭിച്ചുവന്ന റൗണ്ട് ​ഗ്ലാസ് പഞ്ചാബ് എഫ്സിയാണ് മറ്റൊരു ടീം. ആദ്യമായി ഐഎസ്എൽ കളിക്കുന്നുവെങ്കിലും പഞ്ചാബിനെ എഴുതിത്തള്ളാനാവില്ല. വിൽമാർ ജോർദൻ ​ഗിൽ, മാദി തലാൽ, ലിയോൺ അ​ഗസ്റ്റിൻ, അമർജിത് സിങ്ങ് തുടങ്ങിയ ഇന്ത്യൻ യുവതാരങ്ങൾ പഞ്ചാബിന്റെ പ്രതീക്ഷയാണ്. ലൂക്ക മെയ്സൻ, യുവാൻ മേര തുടങ്ങിയ വിദേശ താരങ്ങളും പഞ്ചാബിന്റെ പ്രതീക്ഷകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version