റിയാദ്: സൗദിയില്‍ ലഭ്യമായ ജോലികള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കാതെ തൊഴിലില്ലായ്മാ പെന്‍ഷന്‍ സ്വീകരിച്ചവരുന്ന 7,300 സ്വദേശി യുവാക്കളുടെ തൊഴിലില്ലായ്മ വേതനവും പെന്‍ഷനും നിര്‍ത്തലാക്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അധികൃതര്‍. നിരവധി തൊഴിലവസരങ്ങള്‍ നല്‍കിയിട്ടും ജോലിക്ക് അപേക്ഷിക്കാനോ ജോലി ചെയ്യാന്‍ താല്‍പര്യം കാണിക്കാനോ മുതിരാതിരുന്ന 18 മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവരുടെ പെന്‍ഷനാണ് മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തി വച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
സൗദിയില്‍ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സ്വദേശിവല്‍ക്കരണ നിയമങ്ങളിലൂടെ ഭരണകൂടം ഊര്‍ജിത ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് പുതിയ നടപടി. സൗദിയില്‍ വര്‍ഷങ്ങളായി നിലവിലുള്ള സംവിധാനമാണ് സാമൂഹ്യ സുരക്ഷയുടെ ഭാഗമായുള്ള തൊഴിലില്ലായ്മ പെന്‍ഷന്‍. തൊഴിലില്ലാത്ത യുവാക്കളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയെന്ന നിലയ്ക്കാണ് ഇത് നടപ്പാക്കിവരുന്നത്. എന്നാല്‍ അനുയോജ്യമായ തൊഴിലുകള്‍ കണ്ടെത്താന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടും അതില്‍ താല്‍പര്യം കാണിക്കുകയോ തൊഴിലിന് അപേക്ഷിക്കുകയോ പോലും ചെയ്യാതെ പെന്‍ഷന്‍ വാങ്ങിക്കഴിയുന്ന യുവാക്കള്‍ക്ക് ഇനി മുതല്‍ ആ ആനുകൂല്യം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതര്‍.
സ്വദേശിവത്കരണം ശക്തം
രാജ്യത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരുന്നതിന് വലിയ തോതിലുള്ള പദ്ധതികളാണ് മോനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കി വരുന്നത്. സ്വകാര്യ മേഖലകളിലെ ജോലികളില്‍ പലതും സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്തുകൊണ്ടുള്ള നിയമങ്ങള്‍ രാജ്യത്ത് ശക്തമായി നടപ്പിലാക്കിവരികയാണ്. വിവിധ മേഖലകളില്‍ തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ മികച്ച പരിശീലനവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അധിക സഹായ പദ്ധതികളും ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് വഴി നല്‍കി വരുന്നുണ്ട്. ഇവയൊന്നും ഉപയോഗപ്പെടുത്താതെ തൊഴിലില്ലായ്മ പെന്‍ഷന്‍ സ്വീകരിച്ച് ജോലി ചെയ്യാതെ ജീവിക്കുന്നവര്‍ക്ക് എതിരേയാണ് മന്ത്രാലയത്തിന്റെ നടപടി.
തൊഴിലവസരങ്ങള്‍ക്കായി അപേക്ഷിക്കാനും മന്ത്രാലയം യുവാക്കളോട്
സാമൂഹിക ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 ലെ അഞ്ചാം ഖണ്ഡികയില്‍ ജോലി ചെയ്യാന്‍ കഴിയുന്ന ഗുണഭോക്താവ് ജോലി അന്വേഷിക്കാതിരിക്കുകയോ തൊഴില്‍ പ്ലാറ്റ്ഫോമുകളില്‍ അപേക്ഷിക്കാതിരിക്കുകയോ അനുയോജ്യമായ ജോലിയും പരിശീലന ഓഫറുകളും സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നതായി മന്ത്രാലയത്തിന് വ്യക്തമായാല്‍ പെന്‍ഷന്‍ നിര്‍ത്തലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുപ്രകാരമാണ് നടപടി. ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന പരിശീലനം, തൊഴിലവസരങ്ങള്‍ എന്നിവയോട് നല്ല രീതിയില്‍ പ്രതികരിക്കാനും അംഗീകൃത തൊഴില്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമായ തൊഴിലവസരങ്ങള്‍ക്കായി അപേക്ഷിക്കാനും മന്ത്രാലയം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. നവീകരിച്ച സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിലൂടെ, പുനരധിവാസം, പരിശീലനം, ജോലി ലഭിക്കുന്നതിനുള്ള വിവിധ വഴികള്‍ സ്വീകരിക്കല്‍ എന്നിവയിലൂടെ ഗുണഭോക്താക്കളെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ഉല്‍പ്പാദനക്ഷമതയുള്ളവരായി മാറ്റാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.