Gulf

കുവൈറ്റില്‍ ഇന്നലെ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെല്‍ഷ്യസ്; ലോകത്തെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന താപനില

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണ് കുവൈറ്റില്‍ ഇന്നലെ രേഖപ്പെടുത്തിയതെന്ന് താപനില സൂചകങ്ങളില്‍ പ്രശസ്തമായ എല്‍ഡോറാഡോ വെതര്‍ വെബ്സൈറ്റ് പറയുന്നു. കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ രേഖപ്പെടുത്തിയത്- 49.3 ഡിഗ്രി സെല്‍ഷ്യസ്. ഇത് ഭൂമിയില്‍ ഇന്നലെ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു. ഇറാനിലെ ഉമീദിയ നഗരത്തിലായിരുന്നു ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.

കുവൈറ്റില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന്റെ കാരണങ്ങളില്‍ പ്രധാനം വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവുമാണെന്നാണ് ഈ മേഖലയിലെ കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണത്തെ രാജ്യത്തെ താപനില ഇതുവരെയുള്ള റെക്കോര്‍ഡുകളെയെല്ലാം തകര്‍ക്കുന്ന രൂപത്തിലാണെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ഇസ്സ റമദാന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ നിലവിലെ താപനില സാധാരണ ശരാശരിയേക്കാള്‍ ഏകദേശം 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണെന്നും ഇദ്ദേഹത്തെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖില്‍ നിന്ന് കുവൈറ്റിന്റെ വടക്ക് ഭാഗത്തുള്ള താഴ്വരകളിലും മരുഭൂമി പ്രദേശങ്ങളിലും വീശിയടിക്കുന്ന വരണ്ടതും ചൂടുള്ളതുമായ കാറ്റ് രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗത്തിന് കാരണമാവുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ സാധാരണയായി രാജ്യത്ത് അനുഭവപ്പെടുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള കാലാവസ്ഥയിലെ വ്യതിയാനങ്ങളും എല്‍ നിനോ പ്രതിഭാസത്തിന്റെ ആഘാതവുമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വേനല്‍ക്കാലത്ത് അസാധാരണമാംവിധം കനത്ത ചൂടിനും മഴക്കാലത്ത് അതിശക്തമായ മഴയ്ക്കും കാരണമാവുന്നു.

അതേസമയം, ഇന്ന് മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് സജീവമാകുമെന്നും ഇത് രാജ്യത്തെ താപനിലയില്‍ ആശ്വാസകരമായ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കരപ്രദേശങ്ങളില്‍ ഇത് പൊടിക്കാറ്റിന് കാരണമാവുമെങ്കിലും താമസിയാതെ അത് അധിക സമയം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടന്നത്. ഈ കാറ്റ് ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ ജീവമായി തുടരുമെന്നും കരപ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. തല്‍ഫലമായി, രാജ്യത്തെ അന്തരീക്ഷ താപനിലയില്‍ താരതമ്യേന കുറവുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാറ്റ് രാജ്യത്തിന്റെ തെക്കുകിഴക്കോട്ട് മാറുന്നതിനാല്‍ അടുത്ത അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് കാരണമായേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ, രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ ഇന്നലെ ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഉച്ചസമത്തുള്ള പുറം ജോലികള്‍ക്ക് നിരോധനം നിലവില്‍ വന്നു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് നിരോധനം. ‘അവരുടെ സുരക്ഷ കൂടുതല്‍ പ്രധാനമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ശരിയായ രീതിയില്‍ നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങള്‍ മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഉതൈബി വ്യക്തമാക്കി. കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തീരുമാനം നിടപ്പിലാക്കാന്‍ എല്ലാ തൊഴിലുടമകളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version