ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിക്കണമെന്ന ഗായിക കെ എസ് ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആര്‍ക്കും അഭിപ്രായം പറയാം. വിശ്വാസമുള്ളവര്‍ക്ക് പോകാം. വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും സജി ചെറിയാന്‍ ചോദിച്ചു.
എം ടി വാസുദേവന്‍ നായര്‍ക്കെതിരായ മുന്‍ മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് തന്നെ ഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാന്‍ എംടി വരേണ്ടതില്ലെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്.
ഭരണം കൊണ്ട് മാത്രം ഒരു പ്രശ്‌നവും തീരില്ല. സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാന്‍ എം ടി വരണ്ടതില്ലെന്നാണ് ജി സുധാകരന്‍ വിമര്‍ശിച്ചത്. എം ടി എന്തോ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരന്‍മാര്‍ക്ക് ഉള്‍വിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം ടി പറഞ്ഞപ്പോള്‍ പറയുന്നു. ഇതു തന്നെ ഭീരുത്വമാണെന്നാണ് സുധാകരന്റെ പരിഹാസം.
എം ടി പറഞ്ഞത് ഏറ്റു പറഞ്ഞ് സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു. ഈ വിഷയത്തില്‍ ടി പദ്മനാഭന്‍ മാത്രം പ്രതികരിച്ചില്ല. സര്‍ക്കാരിനോട് അല്ല എം ടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എം ടി പറഞ്ഞപ്പോള്‍ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.