Sports

കോഹ്‌ലിയും യുവതാരവും ടീമിലേക്ക്, ആരെല്ലാം പുറത്താവും? സഞ്ജുവിന് സ്ഥാനമില്ല; രണ്ടാം ടി20 ടീം സാധ്യതകൾ ഇങ്ങനെ

Published

on

ഇൻഡോറിൽ നടക്കുന്ന രണ്ടാം ടി20യിൽ വിജയം നേടി പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ (Team India). ഒന്നാം മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. രോഹിത് ശർമയ്ക്ക് (Rohit Sharma) ശേഷം വിരാട് കോഹ്ലിയും (Virat Kohli) തിരിച്ചെത്തുന്നുവെന്നതാണ് രണ്ടാം ടി20യുടെ പ്രത്യേകത. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇരുവരും ടി20 ഫോർമാറ്റിൽ ഒരുമിച്ച് കളിക്കാൻ പോവുന്നത്.

ക്യാപ്റ്റനെന്ന നിലയിൽ തിരിച്ചുവരവ് മത്സരത്തിൽ റെക്കോഡിട്ടാണ് രോഹിത് തുടങ്ങിയത്. അന്താരാഷ്ട്ര ടി20യിൽ 100 മത്സരങ്ങളിൽ വിജയങ്ങളുടെ ഭാഗമാവുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് രോഹിത് കൈവരിച്ചത്. പതിനഞ്ചംഗ ടീമിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ കോഹ്ലിക്ക് ആദ്യമത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല.

ഒന്നാം ടി20യിൽ കോഹ്ലി ഇല്ലാതിരുന്നതിനാൽ ഇന്ത്യ ഓൾറൌണ്ടർ ശിവം ദുബെയെയാണ് കളിപ്പിച്ചത്. ആ താരുമാനം വൻ വിജയമാവുകയായിരുന്നു. 60 റൺസ് നേടി പുറത്താവാതെ നിൽക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത ദുബെ കളിയിലെ പ്ലെയർ ഓഫ് ദി മാച്ചുമായി മാറി. കോഹ്ലി തിരിച്ചെത്തുമ്പോൾ ഇക്കുറി തിലക് വർമ പുറത്തിരിക്കാനാണ് സാധ്യത കൂടുതൽ.

കോഹ്ലിക്ക് പുറമെ ഇടങ്കയ്യൻ ഓപ്പണർ യശസ്വി ജെയ്സ്വാളും കളിക്കും. അസുഖം കാരണം ആദ്യമത്സരത്തിൽ യശസ്വിക്കും കളിക്കാൻ സാധിച്ചിരുന്നില്ല. ഓപ്പണർമാരായി യശസ്വി – രോഹിത്ത് കൂട്ടുകെട്ടിനെ ടി20 ലോകകപ്പിലും കളിപ്പിക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെൻറ താൽപര്യപ്പെടുന്നത്. യശസ്വി
ടീമിലേക്ക് വരുമ്പോൾ ശുഭ്മാൻ ഗിൽ പുറത്തിരിക്കേണ്ടി വരും.

വിക്കറ്റ് കീപ്പറുടെ റോളിൽ ജിതേഷ് ശർമ തന്നെ കളിക്കും. ഒന്നാം ടി20യിൽ യുവതാരം മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തിയിരുന്നത്. സഞ്ജു സാംസണിന് പരമ്പരയിൽ അവസരം ലഭിക്കാനുള്ള സാധ്യത തന്നെ കുറവാണ്. രണ്ടാം ടി20 വിജയിച്ച് പരമ്പര നേടിയാൽ മാത്രം സഞ്ജുവിനെ മൂന്നാം ടി20യിൽ കളിപ്പിച്ചേക്കും. ഫിനിഷർ റിങ്കു സിങ് തകർപ്പൻ ഫോമിലാണ്.

ബോളിങ് നിരയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. കുൽദീപ് യാദവിനെ മറികടന്ന് രവി ബിഷ്ണോയ് ആണ് ഒന്നാം ടി20യിൽ കളിച്ചിരുന്നത്. ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് ബിഷ്ണോയ് ആയിരുന്നു. എന്നാൽ താരത്തെ നിലനിർത്താൻ തന്നെയാണ് സാധ്യത. പേസർമാരായി അർഷ്ദീപ് സിംഗ് – മുകേഷ് കുമാർ സഖ്യം തന്നെ തുടരും. ഓൾറൌണ്ടർമാരെന്ന നിലയിൽ അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറും കളിക്കും.

രണ്ടാം ടി20ക്കുള്ള സാധ്യതാ ടീം ഇവരിൽ നിന്ന്:

രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജെയ്‌സ്വാൾ, വിരാട് കോഹ്ലി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version