U.A.E

കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം

Published

on

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. അവയവദാന മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകൾക്കും അവയവമാറ്റവുമായി ബന്ധപ്പെട്ട മികവിനും പ്രതിബദ്ധതയ്ക്കുമായാണ് യുഎഇ ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ഹയാത്ത് ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരത്തിന് കിംസ്ഹെൽത്ത് അർഹമായത്. ദുബായിൽ നടന്ന ഓർഗൻ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസിൽ വച്ച് കിംസ്ഹെൽത്ത് ദുബായ് അഡ്മിനിസ്ട്രേറ്റർ അലേഷ് മാത്യു പുരസ്‍കാരം ഏറ്റുവാങ്ങി.

അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിൽ സമൂഹത്തിന്റെയും സർക്കാരിന്റെയും അടിയുറച്ച പിന്തുണ പ്രധാനപ്പെട്ടതായിരുന്നുവെന്നും ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ പ്രതിബദ്ധത തുടരാൻ സാധിക്കുന്നതെന്നും പുരസ്‌കാര നേട്ടത്തെക്കുറിച്ച് കിംസ്‌ഹെൽത്ത് ഡയറക്ടർ ഓഫ് ട്രാൻസ്‌പ്ലാന്റ് സർവീസസ് ആൻഡ് മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ മുരളീധരൻ പറഞ്ഞു. കേരളത്തിൽ മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിൽ മുൻനിരയിലാണ് കിംസ്‌ഹെൽത്തെന്നും അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ട്രാൻസ്പ്ലാൻറ് പ്രൊക്യുർമെന്റ് മാനേജറെ നിയമിച്ച സംസ്ഥാനത്തെ ആദ്യത്തെ ആശുപത്രിയാണ് കിംസ്ഹെൽത്തെന്നും അദ്ദേഹം വ്യക്തമാക്കി. അംഗീകാരം ചാരിതാർത്ഥ്യം നൽകുകയും അവയവദാനം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ഊർജ്ജം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിംസ്ഹെൽത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന “ഗിഫ്റ്റ് എ ലൈഫ്” ബോധവത്കരണ ക്യാമ്പയിൻ, അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞ 3 വർഷങ്ങളിലായി വൃക്ക, കരൾ, ഹൃദയം, പാൻക്രിയാസ്, കൈകൾ, കോർണിയ എന്നിവ ഉൾപ്പെടെ 73 അവയവങ്ങളാണ് കിംസ്ഹെൽത്തിൽ നിന്ന് ദാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version