ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘തലവൻ’ പുതിയ റിലീസ് തീയതി പുറത്ത്. മാർച്ച് ഒന്നാം തീയതി ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. നേരത്തെ തലവൻ ഫെബ്രുവരി അവസാനത്തോടെ റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. ആസിഫ് അലിയോടൊപ്പം ബിജു മേനോനും ഒരു പ്രധാന വേഷം ഈ ചിത്രത്തിൽ ചെയ്യുന്നുണ്ട്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി.