കോതമംഗലം: ചെറുവട്ടൂരിലെ നിനി ആയിരുന്നു ആദ്യം കൊല്ലപ്പെട്ടത്. പിന്നാലെ മാതിരപ്പിള്ളിയിലെ ഷോജി, ശേഷം കൊല്ലപ്പെട്ടത് ആമിനയായിരുന്നു. പട്ടപ്പകൽ മൂന്ന് വീട്ടമ്മമാരായിരുന്നു എറണാകുളം കോതമംഗലത്ത് കൊല്ലപ്പെട്ടത്. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും കേസന്വേഷണം എവിടെയും എത്തിയില്ല. മൂന്ന് കേസും ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് എവിടെയും എത്തിയല്ല. തുടർന്ന് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
മൂന്ന് കേസിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയത്. ഷോജി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. എന്നാൽ എന്നാൽ നിനി കേസിൽ കൊലപാതകിയെ കുറിച്ചോ കവർച്ച മുതലുകളെ കുറിച്ചോ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതായത് ആദ്യ രണ്ട് കേസും ഇതുവരെ നടപടി ഒന്നും ആയിട്ടില്ലെന്ന് തന്നെ അനുമാനിക്കേണ്ടി വരും.
2009 മാർച്ച് 11നാണ് 24 വയസുള്ള നിനി കൊല്ലപ്പെടുന്നത്. ചെറുവട്ടൂർ കരിപ്പാലാക്കുടി ബിജുവിന്റെ ഭാര്യയാണ് നിനി. അങ്കണവാടി ടീച്ചറായിരുന്നു നിനി. വീടിന് അടുത്തുള്ള തോട്ടിൽ കുളിക്കാനായി പോയതായിരുന്നു. പിന്നീട് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് മനസിലായെങ്കിലും ലോക്കൽ പോലീസിന് കൊലയാളിയെ പിടികൂടാനായില്ല. തുടർന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു.സംഭവം നടന്നിട്ട് 14 വർഷമായിട്ടും കൊലപാതകിയെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല.
2012നായിരുന്നു ഷോജി കൊല്ലപ്പെടുന്നത്. വീടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കിടപ്പുമുറിയിൽ പായയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുകളിൽ വീട് പണി നടക്കുന്നുണ്ടായിരുന്നു. ജോലിക്കാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഈ കേസിലും ലോക്കൽ പോലീസിന് തുമ്പുണ്ടാക്കാൻ കഴഞ്ഞില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും 11 വർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
ഏറ്റവും അവസാനമായി കൊല്ലപ്പെടുന്ന ആളാണ് ആമിന. 2021 മാർച്ച് 7നായിരുന്നു അബ്ദുൾ ഖാദറിന്റെ ഭാര്യ ആമിന കൊല്ലപ്പെടുന്നത്. മൃതദേഹം നീരൊഴുക്ക് കുറഞ്ഞ ഒരു തോട്ടിൽ കാണപ്പെടുകയായിരുന്നു. ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാനില്ലായിരുന്നു. ബലം പ്രയോഗിച്ചുള്ള മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ. സംഭവം നടന്ന് രണ്ട് വർഷമായിട്ടും കേസിൽ ഒരു തുമ്പുപോലും കിട്ടിയിട്ടില്ല. ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നാണ് സൂചനകൾ.