Kerala

ഇനി കേരളം ‘വിത്ത് വന്ദേഭാരത്’; ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

Published

on

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച് പ്രധാനമന്ത്രി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ചടങ്ങ് നടന്നത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉള്‍പ്പടെ ഇന്നത്തെ വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട്.

എട്ടു മണിക്കൂറില്‍ എട്ട് സ്റ്റോപ്പുകള്‍ കടന്ന് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ എത്തുന്ന രീതിയിലാണ് വന്ദേഭാരതത്തിന്റെ സര്‍വീസുകള്‍. ഫ്‌ലാഗ് ഓഫിനെ തുടര്‍ന്ന് കാസര്‍കോടേക്കുള്ള വന്ദേ ഭാരതിന്റെ യാത്ര ആരംഭിക്കും. പതിവ് സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തും. റെഗുലര്‍ സര്‍വീസ് 26ന് കാസര്‍കോട് നിന്നും 28ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. ഇതിനുള്ള ബുക്കിങ് കഴിഞ്ഞദിവസം തന്നെ ആരംഭിച്ചിരുന്നു.

വന്ദേഭാരതിനൊപ്പം റെയില്‍വേ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. കൊച്ചി ജല മെട്രോ, ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കാണ് തുടക്കമിടുന്നത്. കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം മേഖലയുടെ വികസനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷനിലെ തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും. 12.40-ന് അദ്ദേഹം സൂറത്തിലേക്കു പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version