ഷാര്‍ജ: കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രചിച്ച – കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പഠനഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് പ്രകാശനം ചെയ്തു. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമിയില്‍ നിന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ പുസ്തകം ഏറ്റുവാങ്ങി.
ലോകരാജ്യങ്ങളുടെ വിനോദസഞ്ചാരമേഖലകളില്‍ കേരളം മുന്നിട്ടുനില്‍ക്കുന്നുവെന്ന് ഷെയ്ഖ് അബ്ദുല്‍ അസീസ് പറഞ്ഞു. കേരള ടൂറിസം സാധ്യതകളെക്കുറിച്ച് പഠിക്കുകയും അത് ഗുണകരമാകുന്നവിധത്തില്‍ നടപ്പാക്കുകയും ജനങ്ങളിലെത്തിക്കുന്നതിനും ചെയ്യുന്നതിന് പുസ്തകത്തിലൂടെ പ്രധാന ചുവടുവെപ്പാണ് നടത്തിയതെന്ന് മുനവറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
ടൂറിസം മേഖലയില്‍ ഊര്‍ജ്ജം നല്‍കികൊണ്ട് കേരളത്തിന്റെ ഉന്നമനത്തിനായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന പി.എ മുഹമ്മദ് റിയാസിന്റെ പുസ്തകം മാതൃകയാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ലോക കേരളസഭാംഗം വി.ടി സലിം സംബന്ധിച്ചു. മാതൃഭൂമി ക്ലബ്ബ് എഫ്.എം ന്യൂസ് പ്രസന്റര്‍ മിനി പദ്മ അവതാരകയായി.