അബുദാബി: ഹിന്ദിക്കു പകരമായി തിരഞ്ഞെടുത്ത ജികെയില്‍ (പൊതുവിജ്ഞാനം) കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വന്നത്. ഇതായിരുന്നു കുറച്ചൊന്ന് ബുദ്ധിമുട്ടിച്ചത്. സാമൂഹിക ശാസ്ത്രവും ചിലര്‍ക്ക് കടുകട്ടിയായിരുന്നു. എങ്കിലും എസ്എസ്എല്‍സി പരീക്ഷയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് മിന്നുംജയം. ഇതില്‍ പാകിസ്താനില്‍ നിന്നുള്ള കുട്ടികളും ഉള്‍പ്പെടും. വിദേശ പാഠ്യപദ്ധതിയോടു കിടപിടിക്കാന്‍ കേരള സിലബസ് നല്കുന്ന അടിത്തറയിലൂടെ സാധ്യമാകുന്നുണ്ടെന്ന് മറുനാടന്‍ വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ കേരള സിലബസില്‍ പഠിച്ചവര്‍ ഉന്നതവിജയം നേടിയതും മികച്ച ജോലിയില്‍ പ്രവേശിച്ചതുമെല്ലാം ഇവര്‍ക്കു പ്രചോദനമായിട്ടുണ്ട്.
പരീക്ഷയെഴുതിയ 12 രാജ്യക്കാരായ 72 വിദേശ വിദ്യാര്‍ഥികളില്‍ 59 പേരും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. കേരള സിലബസ് പഠിച്ച വിദേശ വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും പാകിസ്താനികളാണ്. 4 സ്കൂളുകളില്‍ നിന്നായി 32 പാകിസ്താനികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ന്യൂ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമയിലെ ശ്രീലങ്കന്‍ വിദ്യാര്‍ഥി ഷാസ്നിക്ക് ഒമ്പത് വിഷയത്തില്‍ എ പ്ലസ് ലഭിച്ചു. ബംഗ്ലദേശുകാരായ 22 വിദ്യാര്‍ഥികളും എസ്എസ്എല്‍സി എഴുതിയിട്ടുണ്ട്. സുഡാന് – 5, അഫ്ഗാന് – 3, ഇറാന് – 2, ശ്രീലങ്ക – 2, ഫിലിപ്പീന്‍സ്, ഈജിപ്ത്, മോള്‍ഡോവ, മെക്സിക്കോ, സൊമാലിയ, കോമറോസ് എന്നീ രാജ്യക്കാരായ ഓരോ വിദ്യാര്‍ഥികളും വിദേശത്തുനിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതി.
ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് ന്യൂ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമയിലാണ്. 44 വിദ്യാര്‍ഥികളില്‍ 23 പേരും വിദേശികളായിരുന്നു. ഇവിടെ കേരള സിലബസ് പഠിച്ചവരില്‍ മലയാളികളെക്കാള്‍ കൂടുതല്‍ മറുനാട്ടുകാരാണ്. അതില്‍ 12 പേര് പാകിസ്താനികളും. 22 വിദേശ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ദി ഇംഗ്ലിഷ് സ്കൂള്‍ ഉമ്മുല്‍ഖുവൈനില്‍ 10 പേരാണ് പാകിസ്താനികള്‍. എന്നാല്‍, ഇന്ത്യന്‍ സ്കൂള്‍ ഫുജൈറയിലെ 20 വിദേശ വിദ്യാര്‍ഥികളില്‍ 15 പേരും ബംഗ്ലദേശികളാണ്. ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബായില്‍ ആറ് പാകിസ്താനികളും ഒരു ബംഗ്ലദേശിയുമാണ് പരീക്ഷയെഴുതിയത്.
ആപ്ലിക്കേഷന്‍ ലെവലിലുള്ള പഠന, പരീക്ഷാരീതികളിലൂടെ മികച്ച മാര്‍ക്ക് നേടാന്‍ സാധിക്കുമെന്നതാണ് ഇവരെ കേരള സിലബസിലേക്ക് ആകര്‍ഷിച്ചത്. ഉന്നത ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടാന്‍ സാധിക്കാതിരുന്ന 13 വിദേശ വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെയും സേ പരീക്ഷയിലൂടെയും വിജയം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ആ ഫലം കൂടി ലഭിക്കുന്നതോടെ വിജയശതമാനം ഇനിയും കൂടും.