Sports

കേരള ബ്ലാസ്റ്റേഴ്സിന് പണികൊടുത്തത് ആ രണ്ട് കാര്യങ്ങൾ തന്നെ; മത്സരശേഷം വെളിപ്പെടുത്തി പരിശീലകൻ

Published

on

പത്താം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ (Indian Super League) ആദ്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC). ഞായറാഴ്ച മുംബൈ സിറ്റി എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചത്. സംഭവബഹുലമായ കളിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അഡ്രിയാൻ ലൂണയും സംഘവും തോൽവിയേറ്റു വാങ്ങിയത്. ബ്ലാസ്റ്റേഴ്സ് ഹാട്രിക്ക് ജയം തേടിയിറങ്ങിയ കളിയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ജോർജ്‌ പെരെയ്ര ഡയസും അപൂയയുമാണ് മുംബൈക്കായി വല കുലുക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ഡാനിഷ് ഫാറൂഖ് നേടി.

മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തങ്ങൾക്ക് തിരിച്ചടിയായ കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ആദ്യ ഗോൾ ടീമിന്റെ താളത്തെ ബാധിച്ചു

മത്സരത്തിൽ ആദ്യ ഗോൾ വഴങ്ങേണ്ടി വന്നത് ടീമിന്റെ താളത്തെ ബാധിച്ചെന്ന് മത്സരശേഷം സംസാരിക്കവെ കേരള‌ ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായ ഫ്രാങ്ക് ഡൗവൻ വ്യക്തമാക്കി. മത്സരം നന്നായി കളിച്ചു തുടങ്ങാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പിന്നീട് ഗോൾ വഴങ്ങേണ്ടി വന്നതോടെ ടീമിന്റെ പ്രസ്സിങ് കുറഞ്ഞെന്നും ബോൾ നേടിയെടുക്കുന്നത് കൂടുതൽ ദുഷ്കരമായെന്നും കൂട്ടിച്ചേർത്തു. നേരത്തെ മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു മുംബൈ സിറ്റി എഫ്സിയുടെ ആദ്യ ഗോൾ പിറന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ജോർജ് പെരെയ്ര ഡയസായിരുന്നു ഈ ഗോൾ നേടിയത്.

പരാജയത്തിന് കാരണം

വ്യക്തിഗത പിഴവുകൾ ഗോളുകൾ വഴങ്ങുന്നതിന് കാരണമാകുമെന്ന് ഫ്രാങ്ക് ഡൗവൻ പറയുന്നു.‌ മുംബൈക്കെതിരെ അത്തരം വ്യക്തിഗത പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വ്യക്തിഗത പിഴവുകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും അതിനാലാണ് തങ്ങൾക്ക് പോയിന്റ് നേടാൻ സാധിക്കാതിരുന്നതെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ സൂചിപ്പിച്ചു. “കളികളിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇത് കളിയുടെ ഭാഗമാണ്.” കേരള‌ ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്സിന് സംഭവിച്ച പിഴവുകൾ

മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ‌ബ്ലാസ്റ്റേഴ്സ് വഴങ്ങിയ രണ്ട് ഗോളുകളും അവരുടെ താരങ്ങളുടെ പിഴവ് മൂലമായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു മുംബൈയുടെ ആദ്യ ഗോൾ. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പറ്റിയ പിഴവ് മുതലെടുത്തുകൊണ്ട് ജോർജ് പെരെയ്ര ഡയസായിരുന്നു ഈ ഗോൾ നേടിയത്. രണ്ടാം ഗോൾ വീണത് കളിയുടെ അറുപത്തിയാറാം മിനിറ്റിലായിരുന്നു. ഇക്കുറി പിഴവ് പറ്റിയത് പ്രതിരോധത്തിലെ വിശ്വസ്തൻ പ്രീതം കോട്ടാലിനും. അപൂയയായിരുന്നു ഈ ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി മത്സരം ഇടിക്കളിയായി

അതേ സമയം കേരള‌ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരം ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള കൈയ്യാങ്കളിയിലാണ് അവസാനിച്ചത്. കളിക്കളത്തിൽ പോരിലേർപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിൻസിച്ചിനും, മുംബൈ സിറ്റിയുടെ വാൻ നീഫിനും ചുവപ്പ് കാർഡും ലഭിച്ചു. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രബീർ ദാസിന്റെ കഴുത്തിന് മുംബൈ താരം ഗ്രിഫിത്സ് കുത്തിപ്പിടിക്കുന്നതിനും ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചു.

പോയിന്റ് നില

അതേ സമയം മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരം കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. മൂന്ന് കളികളിൽ ആറ് പോയിന്റാണ് അവരുടെ സമ്പാദ്യം. മൂന്ന് കളികളിൽ ഒൻപത് പോയിന്റുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് ഒന്നാമത്. ഞായറാഴ്ചത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ മുംബൈ സിറ്റി എഫ്സിയാണ് രണ്ടാമത്. എഫ്സി ഗോവ മൂന്നാം സ്ഥാനത്തുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version