Sports

കേരള ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ് നീക്കം വീണ്ടും; ഇക്കുറി ടീമിലെത്തിച്ചത് ഇന്ത്യയുടെ ഭാവി സൂപ്പർതാരത്തെ

Published

on

ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) 2023 – 2024 പ്രീ സീസൺ ട്രാൻസ്ഫർ വിൻഡോയിലൂടെ ഒരു കൗമാര താരത്തെ സ്വന്തമാക്കി. ഇന്ത്യയുടെ അണ്ടർ 17 ടീം ക്യാപ്റ്റനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്വന്തമാക്കിയത്. എ എഫ് സി ( A F C ) അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യയെ നയിച്ചതിലൂടെ ക്യാപ്റ്റൻസി പാടവം തെളിയിച്ച 16 കാരനാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്യാമ്പിൽ എത്തിയിരിക്കുന്നത്. ഭാവി വാഗ്ദാനം എന്നാണ് ഇന്ത്യൻ ഫുട്‌ബോൾ ലോകം താരത്തെ വാഴ്ത്തുന്നത് എന്നതും ശ്രദ്ധേയം.

മണിപ്പൂർ സ്വദേശിയായ കൊറൗ സിംഗ് ( Korou Singh ) ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയിൽ എത്തിയത്. അറ്റാക്കിങ് മിഡ്ഫീൽഡ് പൊസിഷനിലാണ് കൊറൗ സിങ് കളിക്കുന്നത്. അണ്ടർ 17 ഇന്ത്യൻ ടീമിനായി 16 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു, അഞ്ച് ഗോൾ സ്വന്തമാക്കി. സുദേവ ഡൽഹി എഫ് സിയുടെ അണ്ടർ 18 ടീം അംഗമായിരുന്നു കൊറൗ സിങ്. സുദേവ ഡൽഹി എഫ് സിക്കു വേണ്ടി രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. ഡ്യൂറൻഡ് കപ്പിലായിരുന്നു അത്.

സാഫ് അണ്ടർ 17, എ എഫ് സി അണ്ടർ 17 മത്സരങ്ങളിൽ ഇന്ത്യക്കു വേണ്ടി നിർണായക പ്രകടനം കൊറൗ സിംഗ് കാഴ്ച വെച്ചിരുന്നു. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ കൗമാര സംഘങ്ങൾക്ക് ഒപ്പം കളിക്കാനുള്ള അവസരം കൊറൗ സിങിന് ലഭിച്ചു. അത്ലറ്റിക്കൊ ഡി മാഡ്രിഡ്, റയൽ മാഡ്രിഡ്, വി എഫ് ബി സ്റ്റഡ്ഗഡ്, എഫ് സി ഓഗ്‌സ്ബർഗ് തുടങ്ങിയ യൂറോപ്പിലെ മുൻനിര ടീമുകളുടെ കൗമാര സംഘങ്ങൾക്കൊപ്പം കളിക്കാനാണ് കൊറൗ സിങിന് അവസരം ലഭിച്ചത്. ലഭിച്ച അവസരം മുതലാക്കിയ കൊറൗ സിങ് 10 പരിശീലന മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോൾ നേടുകയും അഞ്ച് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റി.

കൊറൗ സിങിന്റെ വരവോടെ 2023 – 2024 പ്രീ സീസൺ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി സ്വന്തമാക്കിയ ഇന്ത്യൻ കളിക്കാരുടെ എണ്ണം എട്ടായി. അതിൽ ബികാഷ് സിങിനെ സൈൻ ചെയ്‌തെങ്കിലും ലോൺ വ്യവസ്ഥയിൽ മുഹമ്മദൻ എസ് സിക്കു കൈമാറി. പ്രബീർ ദാസ്, നോച സിംഗ്, പ്രീതം കോട്ടാൽ, ലാറ ശർമ, ഇഷാൻ പണ്ഡിത, ഐബാൻബ ഡോഹ് ലിംഗ്, ഫ്രെഡ്ഡി ലാല്ലമ്വാമ എന്നിവരാണ് 2023 – 2024 പ്രീ സീസൺ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.

ഓസ്‌ട്രേലിയൻ ഫോർവേഡ് ജോഷ്വ സൊറ്റിരിയൊ, ഖാന സെന്റർ സ്‌ട്രൈക്കർ ഖ്വാമെ പെപ്‌റ, മോണ്ടിനെഗ്രോ ഡിഫെൻഡർ മിലോസ് ഡ്രിൻസിച്ച് എന്നിവരാണ് 2023 – 2024 പ്രീ സീസൺ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി സ്വന്തമാക്കിയ വിദേശ കളിക്കാർ. ഇതിൽ രണ്ട് വർഷ കരാറിൽ എത്തിയ ജോഷ്വ സൊറ്റിരിയൊ പരിക്കേറ്റ് വിശ്രമത്തിലാണ്. 2023 – 2024 സീസണിന്റെ സിംഹഭാഗവും ജോഷ്വ സൊറ്റിരിയൊയ്ക്ക് നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version