Sports

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ടീമിലേക്ക് തിരിച്ചെത്തി, ഇനി മഞ്ഞപ്പട വേറെ ലെവൽ; ആവേശത്തിൽ ആരാധകർ

Published

on

ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്‌ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുടെ (Kerala Blasters FC) സൂപ്പർ താരം കളത്തിലേക്ക് തിരിച്ചെത്തുന്നു. പരിക്കിനെത്തുടർന്ന് 2023 – 2024 സീസണിൽ ഇതുവരെ കളത്തിലിറങ്ങാതിരുന്ന വിദേശ താരമാണ് കൊച്ചി ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. ഈ താരം കൂടി എത്തുന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത് വർധിക്കും. നിലവിൽ ആറ് മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 13 പോയിന്റോടെ ഐ എസ് എൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ് കൊമ്പന്മാർ എന്ന വിശേഷണമുള്ള ബ്ലാസ്റ്റേഴ്‌സ്.

2023 – 2024 പ്രീ സീസണിൽ പരിക്കേറ്റ ക്രൊയേഷ്യൻ സെന്റർ ഡിഫെൻഡർ മാർക്കൊ ലെസ്‌കോവിച്ചാണ് (Marko Leskovic) കേരള ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിലേക്ക് തിരിച്ചെത്തുന്നത്. ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ഇറങ്ങാൻ മാർക്കൊ ലെസ്‌കോവിച്ചിനു സാധിച്ചില്ല. നവംബർ 25 ന് ഹൈദരാബാദ് എഫ് സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. പരിക്ക് മുക്തനായി മാർക്കോയും തിരിച്ചെത്തുമ്പോൾ ഇവാൻ വുകോമനോവിച്ചിന്റെ സംഘത്തിന്റെ കരുത്ത് കൂടുമെന്നുറപ്പ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും തമ്മിലുള്ള പോരാട്ടം.

മാർക്കൊ ലെസ്‌കോവിച്ചിന്റെ അഭാവത്തിൽ സന്ദീപ് സിങ്, റൂയിവ ഹോർമിപാം, പ്രീതം കോട്ടാൽ, നോച്ച സിംഗ്, മിലോസ് ഡ്രിൻസിച്ച്, ഐബാൻബ ഡോഹ്ലിങ്, പ്രബീർ ദാസ് എന്നിവരായിരുന്നു ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാത്തത്. ഇതിൽ മുംബൈ സിറ്റി എഫ് സിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് മിലോസ് ഡ്രിൻസിച്ചും മൂന്ന് മത്സര വിലക്ക് നേരിട്ട് പ്രബീർ ദാസും കളത്തിനു പുറത്തായിരുന്നു. മൂന്ന് മത്സര വിലക്ക് കഴിഞ്ഞ് ഇരുവരും തിരിച്ചെത്തുന്ന മത്സരം കൂടിയാണ് ഹൈദരാബാദ് എഫ് സിക്കെതിരായത്. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം പൂർണ സജ്ജമാകും.

സെന്റർ ബാക്കിലേക്ക് മാർക്കൊ ലെസ്‌കോവിച്ച് തിരിച്ചെത്തുമ്പോൾ ഒരു വിദേശ താരം പുറത്തിരിക്കേണ്ട സാഹചര്യവും ഉണ്ടാകും.
2021 സെപ്റ്റംബറിലാണ് 32 കാരനായ മാർക്കൊ ലെസ്‌കോവിച്ച് കൊച്ചി ക്ലബ്ബിലെത്തിയത്. നിലവിലെ കരാർ അനുസരിച്ച് 2024 മേയ് 31 വരെയാണ് മാർക്കൊ ലെസ്‌കോവിച്ചിന് കൊച്ചി ക്ലബ്ബുമായി കരാർ ഉള്ളത്. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ജഴ്‌സിയിൽ 39 മത്സരങ്ങൾ കളിച്ച മാർക്കൊ ലെസ്‌കോവിച്ച് ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് കരിയറിൽ 17 ഗോൾ ഈ ക്രൊയേഷ്യൻ താരത്തിനുണ്ട്. ക്ലബ് തലത്തിൽ 259 മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട് ഈ സെന്റർ ഡിഫെൻഡർക്ക്.

2014 ൽ ഐ എസ് എൽ ആരംഭിച്ചപ്പോൾ മുതൽ ലീഗിലുണ്ടെങ്കിലും ഇതുവരെ കിരീടം സ്വന്തമാക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചിട്ടില്ല. 10 -ാം സീസണിലെങ്കിലും കിരീടമില്ല എന്ന ദുഷ്‌പേര് മായ്ക്കാനായാണ് ഇവാൻ വുകോമനോവിച്ചും സംഘവും ശ്രമിക്കുന്നത്. 2022 – 2023 സീസണിന്റെ പ്ലേ ഓഫ് എലിമിനേറ്ററിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങിയതിനുള്ള വിലക്ക് നേരിട്ട് ഇവാൻ വുകോമനോവിച്ച് തിരിച്ചെത്തിയിട്ട് രണ്ട് മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞത്. ഇവാൻ തിരിച്ചെത്തിയശേഷം കളിച്ച രണ്ട് മത്സരത്തിലും ജയിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസവും കൊമ്പന്മാർക്ക് കൂട്ടിനുണ്ട്. വരും മത്സരങ്ങളിലും ഈ വിജയത്തുടർച്ച നിലനിർത്താൻ ടീമിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ‌.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version