Sports

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്; ഇത് ഐഎസ്എല്ലിൽ ആദ്യം, പുതുചരിത്രം കുറിച്ചത് ഇക്കാര്യത്തിൽ

Published

on

2023-24 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ (Indian Super League) ഉജ്ജ്വല ഫോം തുടർന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC). ആദ്യ കളിയിൽ ബംഗളൂരു എഫ്സിയെ കീഴടക്കിയിരുന്ന മഞ്ഞപ്പട (Manjappada) രണ്ടാമത്തെ കളിയിൽ ജംഷദ്പുർ എഫ്സിയെയാണ് (Kerala Blasters FC Vs Jamshedpur FC) വീഴ്ത്തിയത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും മഞ്ഞപ്പടയ്ക്കായി‌.

കൊച്ചിയിൽ ജംഷദ്പുരിനെതിരെ നടന്ന കളിയിൽ നായകൻ അഡ്രിയാൻ ലൂണ (Adrian Luna) നേടിയ ഗോളിൽ 1-0 നായിരുന്നു മഞ്ഞപ്പടയുടെ വിജയം. സീസണിൽ തുടർച്ചയായ രണ്ടാം ജയം നേടിയതോടെ ക്ലബ്ബിന്റെ ഒരു റെക്കോഡും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതാദ്യമായാണ് മഞ്ഞപ്പട ഒരു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിക്കുന്നത്. കഴിഞ്ഞ ഒൻപത് സീസണുകളിലും സാധ്യമാകാതിരുന്ന ഒരു നേട്ടം ഇക്കുറി സ്വന്തമാക്കാനായത് ആരാധകരെ വലിയ ആവേശത്തിലാക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ക്ലബ്ബ് റെക്കോഡ് ആരാധകർ ഏറ്റെടുത്തും കഴിഞ്ഞു.

ജംഷദ്പുരിനെതിരായ മത്സരത്തിൽ ജയം നേടിയെങ്കിലും ആരാധകർ പ്രതീക്ഷിച്ച മികവ് പക്ഷേ കേരള‌ ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടായില്ല എന്നതാണ് സത്യം. ആദ്യ പകുതിയിൽ വളരെ മോശം കളിയായിരുന്നു മഞ്ഞപ്പടയുടേത്. രണ്ടാം പകുതിയിൽ ടീം കുറച്ച് സബ്സ്റ്റിറ്റ്യൂഷനുകൾ വരുത്തിയതോടെയാണ് കളി മാറിയത്. പിന്നാലെ ലൂണയുടെ കിടില‌ൻ ഗോളും വന്നു.

നേരത്തെ ആദ്യ കളിയിൽ ബംഗളൂരു എഫ്സിക്കെതിരെയും ലൂണ ഗോൾ നേടിയിരുന്നു. ഈ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കേരള ‌ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ലൂണ ഗോൾ നേടിയത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സമ്മാനിക്കുന്ന ആവേശം ചെറുതല്ല.

ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ അണിനിരത്തിയ അതേ സ്റ്റാർട്ടിങ് ഇലവനെയാണ് ജംഷദ്പുർ എഫ്സിക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സ് ഇറക്കിയത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ സ്ക്വാഡിലില്ലാതിരുന്ന ഗ്രീക്ക് മുന്നേറ്റതാരം ദിമിത്രിയോസ് ഡയമാന്റകോസ് ടീമിന്റെ പകരക്കാരുടെ നിരയിൽ ഇടം പിടിച്ചു. രണ്ടാം പകുതിയിൽ ഘാന‌താരം ക്വാമെ പെപ്രയ്ക്ക് പകരം കളത്തിലെത്തിയ താരം ചില ശ്രദ്ധേയ നീക്കങ്ങളും നടത്തി. വരും മത്സരങ്ങളിൽ ദിമി സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് കൂടുതൽ വർധിക്കും. ഇന്നത്തെ മത്സരത്തിൽ ടീമിലില്ലാതിരുന്ന മലയാളി താരം രാഹുൽ കെപിയും അടുത്ത കളിയിൽ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

ജംഷദ്പുർ എഫ്സിക്കെതിരെ വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പോയിന്റ് നേട്ടം രണ്ട് കളികളിൽ ആറ് പോയിന്റായി. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും അവർ കയറി. ഇത്ര തന്നെ പോയിന്റുള്ള മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് പട്ടികയിൽ ഒന്നാമത്. മികച്ച ഗോൾവ്യത്യാസമാണ് അവരെ മുന്നിൽ നിർത്തുന്നത്. 4 പോയിന്റ് വീതമുള്ള ഒഡീഷ എഫ്സി, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ എന്നിവർ യഥാക്രമം 3, 4, 5 സ്ഥാനങ്ങളിലുണ്ട്.

ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഒക്ടോബർ എട്ടിനാണ്. കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് ഈ കളിയിൽ മഞ്ഞപ്പടയുടെ എതിരാളികൾ. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അരീനയിലാണ് ഈ മത്സരം നടക്കുക. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version