Gulf

കത്രീന കൈഫ് ഇത്തിഹാദ് എയര്‍വേസ് ബ്രാന്‍ഡ് അംബാസഡര്‍

Published

on

അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. കത്രീന അഭിനയിച്ച ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ആദ്യ പരസ്യചിത്രവും പുറത്തിറങ്ങി.

വിമാനയാത്രാ സൗകര്യം, സേവന നിലവാരം, ആഗോള കണക്റ്റിവിറ്റി എന്നിവയില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ മികവ് പരസ്യംചെയ്യുന്നതിനുള്ള ക്രിയാത്മകവും ആകര്‍ഷകവുമായ കാമ്പെയ്ന്‍ വീഡിയോകളില്‍ ബോളിവുഡ് സുന്ദരി പ്രത്യക്ഷപ്പെടും.

പുതിയ ആഗോള ബ്രാന്‍ഡ് അംബാസഡറായ കത്രീന കൈഫിനൊപ്പം വീണ്ടും ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിങ്ങളോടൊപ്പമുള്ള ഒരു അനുഭവത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍വേസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ആദ്യമായി പുറത്തിറക്കിയ വീഡിയോയില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഏറ്റവും പുതിയ എ350 വിമാനത്തില്‍ കത്രീന കൈഫിനെ കാണാം. എയര്‍വേയ്‌സിന്റെ സേവന മികവ് പ്രതിഫലിപ്പിക്കുന്ന ഒരു സിനിമാറ്റിക് യാത്രയാണ് പരസ്യചിത്രത്തില്‍ കത്രീന അവതരിപ്പിക്കുന്നത്. സവിശേഷമായ അര്‍മാനി-കാസ ഡിസൈന്‍ ഡൈനിങ് ഏരിയ, ലക്ഷ്വറി ബെഡ്ഡിങുകള്‍, സൗജന്യ ഇന്‍ഫ്‌ലൈറ്റ് വൈഫ്‌ളൈ സേവനം എന്നിവ പരസ്യചിത്രം എടുത്തുകാണിക്കുന്നു. വീഡിയോ ഇത്തിഹാദിന്റെയും കത്രീനയുടെയും സോഷ്യല്‍ മീഡിയ ചാനലുകളില്‍ ലഭ്യമാണ്.

നിലവില്‍ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇത്തിഹാദ് എയര്‍വേസ് സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്താനും കമ്പനിയുടെ വളര്‍ച്ചാ തന്ത്രത്തിന്റെയും ഭാഗമായാണ് രാജ്യത്ത് വലിയ ആരാധകവൃന്ദമുള്ള കത്രീനയെ കൊണ്ടുവരുന്നത്.

ബ്രാന്‍ഡ് അംബാസഡറായി ഇത്തിഹാദ് എയര്‍വേസ് കുടുംബത്തിലേക്ക് കത്രീന കൈഫിനെ സ്വാഗതം ചെയ്യുന്നതായും കത്രീനയുമായുള്ള പങ്കാളിത്തത്തിന് സവിശേഷ പ്രാധാന്യമുണ്ടെന്നും ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ബ്രാന്‍ഡ്, മാര്‍ക്കറ്റിങ്, സ്‌പോണ്‍സര്‍ഷിപ്പ് വൈസ് പ്രസിഡന്റ് അമീന താഹര്‍ പറഞ്ഞു. ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണെന്നും ഇത്തിഹാദിനെ പ്രതിനിധീകരിക്കാനും അവരുടെ യാത്രയുടെ ഭാഗമാകാനും ആഗ്രഹിക്കുന്നതായി കത്രീനയും പ്രതികരിച്ചു.

2010ല്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പരസ്യത്തില്‍ വിശിഷ്ട സഞ്ചാരിയായി കത്രീന പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രാന്‍ഡ് അംബാസഡറായി കത്രീനയെ തെരഞ്ഞെടുക്കാന്‍ ഇതും സഹായകമായി.

തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കൊച്ചിയിലേക്ക് എട്ട് അധിക സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇത്തിഹാദ് എയര്‍വേയ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി ഒന്നുമുതലാണ് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുക. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എട്ട് അധിക സര്‍വീസുകള്‍ നവംബര്‍ മുതലാണ്.

പശ്ചിമേഷ്യയില്‍ സമയനിഷ്ട പാലിക്കുന്ന എയര്‍ലൈനുകളില്‍ ഇത്തിഹാദ് ഒന്നാംസ്ഥാനത്താണ്. ആഗോള ഏവിയേഷന്‍ അനലിറ്റിക്‌സ് ഗ്രൂപ്പായ ഒഎജി പുറത്തുവിട്ട 2023ന്റെ ആദ്യ പകുതിയിലെ റിപ്പോര്‍ട്ട് പ്രകാരമാണിത്. എയര്‍ലൈനിന്റെ ഓണ്‍ടൈം പെര്‍ഫോമന്‍സ് (ഒടിപി) റിപ്പോര്‍ട്ടില്‍ 81.14 ശതമാനം നേടിയാണ് ഇത്തിഹാദ് എയര്‍വേസ് ഒന്നാംസ്ഥാനം അലങ്കരിച്ചത്. യുഎഇയുടെ തന്നെ എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് രണ്ടാംസ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version