സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തുടക്കം മുതല്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുന്നത് വരെ ബാറ്റിംഗിലും ബൗളിംഗിലും ആധികാരികത പുലര്‍ത്തിയ ടീം. ലീഗ് മത്സരങ്ങളില്‍ ഒന്നിനുമുകളില്‍ നെറ്റ് റണ്‍ റേറ്റുള്ള ഒരേയൊരു ടീം.
കൊല്‍ക്കത്തയ്ക്ക് കരുത്ത് പകര്‍ന്ന് മുഖ്യ ഉപദേശകനായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ തന്ത്രങ്ങളുണ്ട്. ഒപ്പം സുനില്‍ നരെയ്‌നും ആന്ദ്രേ റസ്സലും ശ്രേയസ് അയ്യരുമെല്ലാമടങ്ങുന്ന സ്ഥിരത പുലര്‍ത്തുന്ന താരനിരയും. കോടികള്‍ മുടക്കി ടീമിലെത്തിച്ച പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഫോമിലേക്ക് ഉയര്‍ന്നതും കൊല്‍ക്കത്തയ്ക്ക് നിര്‍ണാകമായി.
മറുവശത്ത് കയറ്റിറക്കങ്ങളിലൂടെ ഫൈനലിലെത്തിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എങ്കിലും വെടിക്കെട്ട് വീരന്മാരുള്ള ഹൈദരാബാദിനെ നിസ്സാരമായി കാണാന്‍ ശ്രേയസ് അയ്യർക്ക് സാധിക്കില്ല. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി തന്നെയാണ് ഹൈദരാബാദിനെ അപകടകാരികളാക്കുന്നത്. ഏകദിന ലോകകപ്പില്‍ അപരാജിതരായി ഫൈനലിലെത്തിയ രോഹിത് ശര്‍മ്മയെയും സംഘത്തെയും അമ്പേ പരാജയപ്പെടുത്തിയ ഓസീസ് ക്യാപ്റ്റന്‍ കമ്മിന്‍സിനെ ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം അറിയുന്നതാണ്. അതുകൊണ്ട് തന്നെ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് ഒന്നാം ക്വാളിഫയറിലേതു പോലെ കാര്യങ്ങള്‍ എളുപ്പമാകില്ല.
വമ്പനടിക്കാരായ താരങ്ങളാണ് സണ്‍റൈസേഴ്‌സിന്റെ മറ്റൊരു ഹൈലൈറ്റ്. സീസണില്‍ ആറ് തവണയാണ് കമ്മിന്‍സും സംഘവും 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. അതില്‍ രണ്ട് തവണ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ടോട്ടലായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ചെന്നൈയിലെ പിച്ചില്‍ തന്നെ രാജസ്ഥാനെ വീഴ്ത്തിയ പരിചയമുണ്ട് ഹൈദരാബാദിന്. പരമ്പരാഗതമായ സ്വഭാവത്തിൽ നിന്ന് മാറി രണ്ടാം ഇന്നിംഗ്സിൽ ചെന്നൈയിലെ പിച്ച് കഴിഞ്ഞ മത്സരത്തിൽ സ്പിന്നിന് അനുകൂലമായി മാറിയിരുന്നു. അതിനാൽ തന്നെ ഇന്നത്തെ ടോസ് അതിനിര്‍ണായകമായിരിക്കും.