ഈ വർഷം സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ഐഫോൺ 15 ലോഞ്ച് സെപ്റ്റംബർ 12ന് നടക്കും. ലോഞ്ചിനായി ഇനി 8 ദിവസം മാത്രം ബാക്കി നിൽക്കെ ഐഫോൺ 15 (iPhone 15) സീരീസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മിക്ക റിപ്പോർട്ടുകളും ഈ സീരീസിലെ ഫോണുകളുടെ സവിശേഷതകളും വിലയും സംബന്ധിച്ച സൂചനകൾ നൽകുന്നവയാണ്. ഡിസൈൻ, പ്രോസസർ, ക്യാമറ, ഡിസ്പ്ലെ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.
മുൻ തലമുറ മോഡലായ ഐഫോൺ 14യുടെ അതേ വിലയുമായിട്ടായിരിക്കും ഐഫോൺ 15 അമേരിക്കയിൽ അവതരിപ്പിക്കുക എന്നാണ് സൂചനകൾ. 799 ഡോളറായിരുന്നു ഐഫോൺ 14യുടെ വില. ഒരു ഡോളറിന് 100 രൂപയായി കണക്കാക്കിയാൽ ഐഫോൺ 15 ഇന്ത്യയിലെത്തുക 79,900 രൂപ മുതലുള്ള വിലയിൽ ആയിരിക്കും. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇത് പുതിയ മോഡലിലും തുടരുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നും ചില സൂചനകളുണ്ട്.
ആപ്പിൾ ഐഫോൺ 15 പ്രോ, പ്രോ മാക്സ് മോഡലുകൾ ഐഫോൺ 14 പ്രോ സീരീസ് മോഡലുകളുടെ വിലയിൽ ലഭ്യമാകില്ലെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഐഫോൺ 15 പ്രോയുടെ വില 1,099 ഡോളർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ മോഡലായ ഐഫോൺ 14 പ്രോയ്ക്ക് 999 ഡോളറായിരുന്നു വില. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വില കൂടുതലാണ്. ഐഫോൺ പ്രോ മോഡൽ ഇന്ത്യയിൽ 1,39,900 രൂപയ്ക്ക് അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 പ്രോ മാക്സ് മോഡലിന് 1,099 ഡോളറായിരുന്നു വില. പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 15 പ്രോ മാക്സ് എന്ന മോഡലിന് 1,299 ഡോളറായിരിക്കും വിലയെന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്. ഇന്ത്യയിൽ ആപ്പിളിന്റെ പുതിയ പ്രോ മാക്സ് മോഡൽ 1,59,900 രൂപ വിലയുമായി വരുമെന്ന് പ്രതീക്ഷിക്കാം. ഈ വില വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നവയാണ്. ആപ്പിൾ ഇത് സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു സൂചനകളും നൽകിയിട്ടില്ല.
എല്ലാ ഐഫോൺ 15 മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ഡൈനാമിക് ഐലൻഡ് നോച്ചുമായി വരുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. കമ്പനി ഈ ഫോണുകളിൽ ലൈറ്റ്നിങ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഐഫോൺ 14 പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 15 പ്രോ മോഡലുകൾക്ക് ചെറിയ ബെസലുകളായിരിക്കും ഉണ്ടായിരിക്കുക. സ്ലീക്കർ, കർവ്ഡ് അരികുകൾ എന്നിവയ്ക്കൊപ്പം പരന്ന ഡിസൈനിൽ തന്നെയാകും ഡിസ്പ്ലേകൾ നൽകുന്നത്. ഐഫോൺ 15 പ്രോയ്ക്കും പ്രോ മാക്സിനും സ്റ്റെയിൻലെസ് സ്റ്റീലിന് പകരം ടൈറ്റാനിയം സൈഡ് ഫ്രെയിമുകൾ നൽകിയേക്കും.
ഐഫോൺ 15 സീരീസ് മുൻഗാമികളായ ഐഫോൺ 14 പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് സമാനമായ ഡിസൈൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മോഡലുകളഇലും പഴയ ഡിസ്പ്ലേകൾ തന്നെയായിരിക്കും ഉണ്ടായിരിക്കുക. സ്റ്റാൻഡേർഡ്, പ്രോ മോഡലുകളിൽ 6.1 ഇഞ്ച് സ്ക്രീൻ ഉണ്ടായിരിക്കും. പ്ലസ്, പ്രോ മാക്സ് മോഡലുകളിൽ 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയായിരിക്കും നൽകുക. ഐഫോൺ 15 പ്രോയും പ്രോ മാക്സും പുതിയ എ 17 ചിപ്സെറ്റ് ഉപയോഗിക്കുമെന്നാണ് സൂചനകൾ. മറ്റ് രണ്ട് മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെ എ16 ചിപ്പായിരിക്കം ഉണ്ടാവുക.
സ്റ്റാൻഡേർഡ് ഐഫോൺ 15 മോഡലുകൾ ഐഫോൺ 14 പ്രോ മോഡലുകൾ പോലെ 48 മെഗാപിക്സൽ പിൻ ക്യാമറയുമായി വരുമെന്ന് സൂചനകളുണ്ട്. ഐഫോൺ 15 പ്രോ മാക്സ് വേരിയന്റിൽ 5-6x വരെ ഒപ്റ്റിക്കൽ സൂമുള്ള പെരിസ്കോപ്പ് ലെൻസ് നൽകിയേക്കും. ഐഫോൺ 15 പ്രോയിൽ ഇത് ഉണ്ടായിരിക്കില്ല. ഐഫോൺ 14 പ്രോ മാക്സിൽ കാണുന്ന 3x ഒപ്റ്റിക്കൽ സൂം ക്യാമറ തന്നെയായിരിക്കും ഐഫോൺ 15 പ്രോയിൽ ഉണ്ടാവുക. മെച്ചപ്പെടുത്തിയ ഡെപ്ത് സെൻസിങ്ങിനായി ക്യാമറ യൂണിറ്റുകൾക്ക് സോണിയുടെ നവീകരിച്ച റിയർ-ക്യാമറ LiDAR സ്കാനർ നൽകും.