Gulf

ഇന്ത്യയില്‍ സൗദി നടപ്പാക്കിയ തൊഴില്‍ നൈപുണ്യ പരീക്ഷ വിജയകരം; ഇനി ഈജിപ്തില്‍

Published

on

റിയാദ്: സൗദിയിലേക്ക് 71 ഇനം വിസ ലഭിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ തൊഴില്‍ നൈപുണ്യ പരിശോധനാ പദ്ധതി വിജയകരമായതോടെ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയ എസ്‌വിപി (സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം) ടെസ്റ്റ് എന്ന പേരിലുള്ള പരീക്ഷ അടുത്തതായി ഈജിപിതില്‍ ആരംഭിക്കുമെന്ന് സൗദി പ്രഖ്യാപിച്ചു.

ഓരോ തൊഴില്‍രംഗത്തും വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് സൗദി പരീക്ഷാ സമ്പ്രദായം കൊണ്ടുവന്നത്. സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈജിപ്ഷ്യന്‍ മാനവശേഷി മന്ത്രാലയവുമായി സഹകരിച്ച് ഈജിപ്തില്‍ സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു.

ഒന്നാംഘട്ടത്തില്‍ ഈജിപ്തില്‍ അഞ്ച് തൊഴില്‍ മേഖലകളിലാണ് എസ്‌വിപി ടെസ്റ്റ് ഉണ്ടാവുക. പ്ലംബിങ്, വൈദ്യുതി, വെല്‍ഡിങ്, ഓട്ടോമൊബൈല്‍ മെക്കാനിക്‌സ്, മരപ്പണി എന്നീ മേഖലകളില്‍ ഈജിപ്തില്‍ നിന്നുള്ള തൊഴിലാളികളുടെ കഴിവുകള്‍ സൗദി അറേബ്യ പരിശോധിക്കും. വരും ഘട്ടങ്ങളില്‍ കൂടുതല്‍ തൊഴിലധിഷ്ഠിത മേഖലകള്‍ കൂട്ടിച്ചേര്‍ക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നു.

സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് അതാത് തൊഴിലുകളില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കഴിവുകള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രോഗ്രാം സഹായിക്കുന്നു.

എസ്‌വിപി ടെസ്റ്റ് കൂടുതല്‍ പ്രൊഫഷനുകളിലേക്ക് വ്യാപിക്കുന്ന രണ്ടാംഘട്ടത്തിന് ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നേരത്തേ തുടക്കംകുറിച്ചിരുന്നു. 71 ഇനം വിസകള്‍ക്കാണ് ഇന്ത്യക്കാര്‍ക്ക് എസ്‌വിപി ടെസ്റ്റ് സൗദി നിര്‍ബന്ധമാക്കിയത്. ഈ തസ്തികകളിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ എസ്‌വിപി സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണം. സൗദി തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ തകാമുല്‍ വിഭാഗം കേരളത്തില്‍ കൊച്ചിയില്‍ വച്ച് നേരിട്ട് പരീക്ഷ നടത്തുന്നു. 2023 ജൂണ്‍ ഒന്നുമുതല്‍ 29 ഇനം തൊഴില്‍ വിസകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയാണ് ഇന്ത്യയില്‍ ഒന്നാംഘട്ടം തുടങ്ങിയത്.

പ്ലംബിങ്, ഇലക്ട്രീഷ്യന്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍, വെല്‍ഡിങ്, ഹീറ്റിങ് വെന്റിലേഷന്‍ ആന്റ് എസി, കെട്ടിടനിര്‍മാണം, ടൈല്‍സ് വര്‍ക്ക്, തേപ്പുപണി, മരപ്പണി, കാര്‍ മെക്കാനിക്ക് തുടങ്ങിയ പ്രൊഫഷനുകളിലെ വിസകള്‍ക്കാണ് എസ്‌വിപി സര്‍ട്ടിഫിക്കറ്റ് വേണ്ടത്. https://svpinternational.pacc.sa/home എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 50 ഡോളര്‍ ഫീസടച്ചാല്‍ ഓണ്‍ലൈന്‍ പരീക്ഷ എഴുതാം.

സൗദി ഉദ്യോഗസ്ഥര്‍ കാമറ വഴി പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും. വിജയിച്ചവര്‍ക്ക് പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാം. വിജയിച്ചവര്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് ഇ-മെയില്‍ ചെയ്യും. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. കേരളത്തിലെ പരീക്ഷാകേന്ദ്രം അങ്കമാലിയിലെ ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലെ എസ്‌പോയര്‍ അക്കാദമിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version