Gulf

ജോലി ഹോം നഴ്‌സിങ്, പണി സൗദിയില്‍ വീട്ടുവേല; ഏജന്റ് ചതിച്ച കോട്ടയം സ്വദേശിനി ദുരിതങ്ങള്‍താണ്ടി നാട്ടിലേക്ക്

Published

on

ദമ്മാം: ഹോം നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ വിസ ഏജന്റ് വഞ്ചിച്ചതായി പരാതി. ദുരിതങ്ങള്‍ക്കൊടുവില്‍ രണ്ടു മാസത്തോളം നീണ്ട പരിശ്രമത്തിലൂടെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു. കോട്ടയം പാമ്പാടി സ്വദേശിനി മിനി ശ്യാം (35) ആണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

സൗദിയിലെത്തിയ ശേഷമാണ് വീട്ടുജോലിക്കാണ് കൊണ്ടുവന്നതെന്ന് മിനി അറിയുന്നത്. കഠിനമായ മാനസിക പീഡനങ്ങള്‍ക്കിരയായ ഇവരെ ഒഐസിസി ഹഫര്‍ അല്‍ബാത്തിന്‍ കമ്മിറ്റിയുടെ സഹായത്താലാണ് മോചിപ്പിക്കുന്നത്. ജീവിത പ്രാരബ്ധങ്ങളില്‍നിന്ന് കരകയറാനാണ് കടല്‍കടന്നതെങ്കിലും മോഹങ്ങള്‍ ബാക്കിയാക്കി തിരിച്ചുപറക്കാനായിരുന്നു മിനിയുടെ നിയോഗം.

സൗദിയിലെ ഒരു വലിയ ധനിക കുടുംബത്തില്‍ രോഗിയായ വൃദ്ധയെ പരിചരിക്കാന്‍ നഴ്സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വിസ ഏജന്റ് ഇവരെ സമീപിച്ചത്. 60,000 രൂപയോളം സര്‍വീസ് ചാര്‍ജും ഈടാക്കി. സൗദിയിലെത്തിയ ശേഷം വീട്ടുജോലി ചെയ്യാന്‍ തയാറല്ലെന്ന് അറിയിച്ചതോടെ വഴക്കും ശകാരവും മര്‍ദനങ്ങളുമേല്‍ക്കേണ്ടിവന്നു. ഗത്യന്തരമില്ലാതെ വീട്ടുജോലി ചെയ്‌തെങ്കിലും ഭാഷയും ജോലിയുമൊന്നും പരിചയമില്ലാത്തതിനാല്‍ ജീവിതം അസഹനീയമായി മാറി.

മിനിയുടെ ദുരിതമറിഞ്ഞ വീട്ടുകാര്‍ അധികൃതര്‍ക്കും നാട്ടിലെ ഏജന്‍സിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മിനി ഫേസ്ബുക്ക് ഗ്രൂപ്പില്‍ സഹായ അഭ്യര്‍ഥന നടത്തിയത് റിയാദിലെ സാമൂഹിക പ്രവര്‍ത്തകര്‍ ഹഫര്‍ ഒഐസിസി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ നടത്താന്‍ വിബിന്‍ മറ്റത്തിനെ നിയമപരമായി അധികാരപ്പെടുത്തി.

ഒഐസിസി ദേശീയ ജീവകാരുണ്യ കണ്‍വീനര്‍ സിറാജ് പുറക്കാടിന്റെ സഹായത്തില്‍ പോലീസ് സാന്നിധ്യത്തില്‍ വിബിന്‍ മറ്റത്തും ഷിനാജ് കരുനാഗപ്പള്ളിയും സൈഫുദ്ധീന്‍ പള്ളിമുക്കും ചേര്‍ന്ന് മിനി താമസിക്കുന്ന വീട്ടിലെത്തി. അടച്ചിട്ടിരിക്കുന്ന മുറിയില്‍ ആഹാരം പോലും കഴിക്കാതെ അവശതയിലായിരുന്ന മിനിയെ അവര്‍ മോചിപ്പിക്കുകയായിരുന്നു. ഷിനാജിന്റെ കുടുംബമാണ് താമസ സൗകര്യമൊരുക്കിയത്. ജിതേഷ് തെരുവത്തിന്റെ കുടുംബവും സഹായങ്ങള്‍ നല്‍കി.

തുടര്‍ന്ന് നിയമപരമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. രണ്ടു മാസം നീണ്ടുനിന്ന നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വിബിന്‍ മറ്റത്തിനും ഷിനാജ് കരുനാഗപ്പള്ളിക്കും സൈഫുദ്ധീന്‍ പള്ളിമുക്കിനും താമസ സൗകര്യമൊരുക്കിയ ഷിനാജിന്റെ കുടുംബത്തിനും ജിതേഷ് തെരുവത്തിന്റെ കുടുംബത്തിനും ടിക്കറ്റ് നല്‍കിയ ജോമോന്‍ ജോസഫിനും ധനസഹായം നല്‍കിയ ഹഫറിലെ മുഴുവന്‍ സുമനസ്സുകള്‍ക്കും ഒഐസിസി നേതാക്കള്‍ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version