Sports

കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ തന്ത്രവുമായി ഇവാൻ വുകോമനോവിച്ച്; ഈ സീസണിൽ ടീമിന്റെ കളിരീതിയിൽ വൻ മാറ്റമുണ്ടായേക്കും

Published

on

കഴിഞ്ഞ ഒൻപത് സീസണിലും കിരീടമില്ലാത്ത ദുഃഖത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) ആരാധകർ. ആരാധകരുടെ മനസിനു കുളിർമയേകാൻ, നാണക്കേടിൽ നിന്ന് കരകയറ്റാൻ ഒരു കിരീടത്തിലേക്ക് ടീമിനെ നയിക്കാൻ സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് ( Ivan Vukomanovic ) സാധിക്കുമോ ? 2023 – 2024 സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ ക്യാമ്പ് കൊച്ചിയിൽ ആരംഭിക്കുകയും ആദ്യ പരിശീലന മത്സരത്തിൽ ഏകപക്ഷീയ ജയം നേടുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) വമ്പന്മാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം.

മുൻ സീസണുകളെ അപേക്ഷിച്ച് പുതിയ തന്ത്രമാണ് ഇവാൻ വുകോമനോവിച്ച് ഒരുക്കുന്നത് എന്നാണ് പ്രീ സീസൺ സൈനിങ്ങുകളിൽ നിന്ന് വ്യക്തമാകുന്നത്. സഹൽ അബ്ദുൾ സമദിനെ വരെ വിൽപ്പന നടത്താൻ ക്ലബ് തയ്യാറാകണമെങ്കിൽ അതിനു പിന്നിൽ പ്രത്യേക കാരണങ്ങൾ ഉണ്ടായേ മതിയാകൂ. നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുക മാത്രമാണ് ലക്ഷ്യമെങ്കിൽ 2023 – 2024 സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയെ സംബന്ധിച്ച് വൻദുരന്തമാകും.

എന്നാൽ, പ്രതിരോധത്തിൽ ഊന്നിയുള്ള ആക്രമണമായിരിക്കും 2023 – 2024 സീസണിൽ ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി നടത്താനൊരുങ്ങുക എന്നതാണ് സൂചന. കാരണം, 2023 – 2024 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്വന്തമാക്കിയ പ്രമുഖ താരങ്ങളെല്ലാം ഡിഫെൻസ് മേഖലയിൽ കളിക്കുന്നവരാണ്. ബംഗളൂരു എഫ് സി യിൽ നിന്നെത്തിയ പ്രബീർ ദാസ്, മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിൽ നിന്നെത്തിയ പ്രീതം കോട്ടാൽ എന്നിവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ 2023 – 2024 സീസണിലെ ഏറ്റവും വലിയ കരുത്ത്.

ഇറ്റാലിയൻ ശൈലിയിലുള്ള പ്രതിരോധത്തിൽ ഊന്നി, ഒരു ഗോൾ മാത്രം അടിച്ച് ജയം സ്വന്തമാക്കുക എന്ന പഴയ തന്ത്രമായിരിക്കാം ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പരീക്ഷിക്കുക. കാരണം, കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്യാമ്പിൽ സൗന്ദര്യാത്മക ഫുട്‌ബോൾ കളിച്ച സഹൽ അബ്ദുൾ സമദിനെ ഒഴിവാക്കണമെങ്കിൽ മറ്റൊരു കാരണവും ഇല്ല. ഡ്രിബ്ലിങ്ങും പന്തടക്കവും മാത്രമല്ല, ഡിഫെൻസും ഗോളടിക്കുകയുമാണ് കിരീടത്തിലേക്കുള്ള വഴി എന്ന സമവാക്യമായിരിക്കും ഇവാൻ വുകോമനോവിച്ച് 2023 – 2024 സീസണിൽ ഉപയോഗിക്കുക.

2023 ഡ്യൂറൻഡ് കപ്പ് ( 2023 Durand Cup ) ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ ശക്തി പരീക്ഷണം ആദ്യമായി നടക്കും. ബംഗളൂരു എഫ്സി രണ്ടാം നിരയെ ആണ് ഡ്യൂറൻഡ് കപ്പിന് അയക്കുന്നത്. അതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഗ്രൂപ്പ് ഘട്ടത്തിൽ കാര്യമായ വെല്ലുവിളി ഉണ്ടായേക്കില്ല. ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സി യുമായാണ് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ആദ്യ മത്സരം. എന്നാൽ, ഇതിനിടെ 10 മത്സര വിലക്ക് ഇവാൻ വുകോമനോവിച്ച് പൂർത്തിയാക്കേണ്ടതുണ്ട്.

2023 സൂപ്പർ കപ്പ് മുതലാണ് ഇവാൻ വുകോമനോവിച്ചിന്റെ വിലക്ക് പ്രാബല്യത്തിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് 2023 – 2024 സീസണിനു മുമ്പ് ഇവാൻ വുകോമനോവിച്ചിന്റെ വിലക്ക് അവസാനിക്കുമോ എന്നതും മഞ്ഞപ്പട ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version