റോം: പാർലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടിയതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച് ഇറ്റാലിയൻ പാർലമെന്റ് അംഗം. ഗിൽഡ സ്‌പോർതിയല്ലോ എന്ന പ്രതിപക്ഷ 5-സ്റ്റാർ മൂവ്മെന്റ് അംഗമാണ് രാജ്യത്തെ പാർലമെന്റിനുള്ളിൽ മുലയൂട്ടി ചരിത്രത്തിൽ ഇടം നേടിയത്. ബുധനാഴ്ച പാർലമെന്റിലെ അധോസഭയിൽ നടന്ന പൊതുഭരണ വോട്ടെടുപ്പിനിടെയാണ് ഗിൽഡ മകൻ ഫെഡറിക്കോയെ മൂലയൂട്ടിയത്. ഇറ്റാലിയൻ പാർലമെന്റിനകത്ത് ഇത്തരമൊരു സംഭവം ആദ്യമായാണ്.
വോട്ടെടുപ്പിനു ശേഷം അമ്മയേയും മകനെയും മറ്റ് അംഗങ്ങൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. പാർലമെന്റ് വൈസ് പ്രസിഡന്റ് ജോർജിയോ മ്യൂൾ, ഗിൽഡയെ അഭിനന്ദിക്കുകയും അവരെ സഭയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് പാർലമെന്റിനുള്ളിൽ കുഞ്ഞുങ്ങളെ മുലയൂട്ടാൻ അനുവദിക്കുന്ന നിയമം പാസാക്കിയത്.
https://twitter.com/TheMissRossi/status/1666496212432740354?s=20
നവംബറിൽ പാസാക്കിയ നിയമം അനുസരിച്ച് അംഗങ്ങൾക്ക് കുട്ടികളുമായി ചേമ്പറിൽ പ്രവേശിക്കാനും ഒരുവയസുവരെ അവരെ മുലയൂട്ടാനും അനുവദിക്കുന്നുണ്ട്. മറ്റു പലരാജ്യങ്ങളിലും പാർലമെന്റിൽ മുലയൂട്ടാൻ അനുവാദമുണ്ടെങ്കിലും പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഇറ്റാലിയൻ പാർലമെന്റ് വൈകിയാണ് ഇതിനുള്ള അനുവാദം നൽകിയത്.
കഴിഞ്ഞ ഒക്ടോബറിൽ ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി അധികാരമേറ്റെങ്കിലും രാജ്യത്തെ നിയമ നിർമാതാക്കളിൽ മൂന്നിൽ രണ്ടുപേരും പുരുഷന്മാരാണ്. രാജ്യത്തെ സ്ത്രീ മുന്നേറ്റമായിട്ടാണ് ജോർജിയയുടെ പ്രധാനമന്ത്രി സ്ഥാനത്തെ ലോകം നോക്കിക്കാണുന്നത്.
തൊഴിൽ മേഖലയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ലോകമെമ്പാടും സജീവമായ സമയത്താണ് ഇറ്റാലിയൻ പാർലമെന്റിൽ നിന്നുള്ള പ്രതീക്ഷ നൽകുന്ന വാർത്ത പുറത്തുവരുന്നതെന്നാണ് സ്ത്രീ സമൂഹം പ്രതികരിക്കുന്നത്.