ദുബൈ: യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം. അല്‍ ഐനിലെ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂം ഉടമയ്ക്കാണ് 50 ലക്ഷം ദിര്‍ഹത്തിന്റെ (11 കോടി ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായത്. അല്‍ ഐനിലെ അല്‍ മുതാമദ് കാര്‍ ഷോറൂം ഉടമയായ സ്വദേശി മുഹമ്മദ് റാശിദ് അബ്ദുല്ലക്കാണ് വമ്പന്‍ നഷ്ടമുണ്ടായത്.
കഴിഞ്ഞ ആഴ്ച യുഎഇയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. ആലിപ്പഴ വര്‍ഷത്തില്‍ ഇദ്ദേഹത്തിന്റെ ഷോറൂമിലുണ്ടായിരുന്ന 47 കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഗോള്‍ഫ് ബോളുകളെക്കാള്‍ വലിപ്പമുള്ള ആലിപ്പഴങ്ങളാണ് കാറിന് മുകളില്‍ പതിച്ചത്. ഷോറൂമിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബെന്റ്ലി, ലക്സസ് മിനി കൂപ്പർ, റേഞ്ച് റോവർ തുടങ്ങിയ കാറുകളാണ് നശിച്ചത്. കാറുകളുടെ ചില്ലുകള്‍ തകരുകയും ബോണറ്റുകള്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ശക്തമായ മഴയില്‍ കാറുകള്‍ക്കുള്ളില്‍ വെള്ളം കയറുകയും ചെയ്തു. വില്‍പ്പന നടത്തിയ ശേഷം മാത്രമെ കാറുകള്‍ക്ക് ഇന്‍ഷുര്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ നഷ്ടം നികത്താനാവില്ലെന്ന് അബ്ദുല്ല പറഞ്ഞു. പ്രോപ്പർട്ടി ഓൾ റിസ്ക് ഇൻഷുറൻസ് എടുത്താൽ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂവെന്നാണ് ഇൻഷുറൻസ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.