അബുദബി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. അബുദബിക്കും ടെല്‍ അവീവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനം റദ്ദാക്കിയതായി എത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇസ്രയേലിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ഫ്ളൈ ദുബായും ചില സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് ഷെഡ്യൂളുകളില്‍ മാറ്റം വരുത്തുമെന്നും ഫ്ളൈ ദുബായ് വക്താവ് അറിയിച്ചു.