Kerala

സ്കൂൾ കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ്: കോർപറേഷന്റെ പദ്ധതിയി‍ൽ 67.70 ലക്ഷത്തിന്റെ ക്രമക്കേട്

Published

on

തിരുവനന്തപുരം ∙ നഗര പരിധിയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ എൽകെജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാനുള്ള കോർപറേഷന്റെ പദ്ധതിയിൽ ക്രമക്കേടെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. തിരിച്ചറിയൽ കാർഡ് അച്ചടി കരാർ നൽകിയതിൽ 67.70 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് സിഎജിയുടെ കണ്ടെത്തൽ. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഹ്യൂമൻ റിസോഴ്സസ്, എംപ്ലോയ്മെന്റ് ആൻഡ് ഡവലപ്മെന്റ് സെന്ററിനു (എച്ച്ആർഇഡിസി) അച്ചടി കരാർ നൽകിയത് സ്റ്റോർ പർച്ചേസ് മാന്വലും സർക്കാർ മാർഗ നിർദേശങ്ങളും ലംഘിച്ചാണെന്നും സർക്കാരിനു സമർപ്പിച്ച കരട് റിപ്പോർട്ടിൽ പറയുന്നു. കോർപറേഷൻ നൽകിയ വിശദീകരണം കൂടി പരിഗണിച്ച ശേഷമുള്ള റിപ്പോർട്ടാണിത്. ഇതിൻമേൽ തദ്ദേശ വകുപ്പിന് വീണ്ടും വിശദീകരണം നൽകാം. അതു പരിഗണിച്ച ശേഷമാകും അന്തിമ റിപ്പോർട്ട് തയാറാക്കുക.

കുട്ടികളുടെ പഠന നിലവാരം എസ്എംഎസ് മുഖേന രക്ഷിതാക്കളെ അറിയിക്കാനായി 2018– 2019 സാമ്പത്തിക വർഷം നടപ്പാക്കിയ ‘എസ്എംഎസ്’ പദ്ധതിയിലാണ് ക്രമക്കേട്. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ്‌വെയർ തയാറാക്കിയത്. സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യാനായി കുട്ടികളുടെ വിവര ശേഖരണം, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളുടെ വിതരണം എന്നിവ എച്ച്ആർഇഡിസിയെ ഏൽപിച്ചു. പൊതു വിപണിയിലെക്കാളും കൂടിയ നിരക്കിലാണ് എച്ച്ആർഇഡിസിക്ക് കരാർ നൽകിയതെന്നും മുഴുവൻ കുട്ടികൾക്കും കാർഡ് നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത് ഉൾപ്പെടെ 3 പ്രിന്റിങ് ഏജൻസികളിൽ നിന്നുള്ള നിരക്കുകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഒരു ഏജൻസി 56 രൂപയും മറ്റൊന്ന് 26 രൂപയുമാണ് ക്വോട്ട് ചെയ്തത്. ജിഎസ്ടി ഉൾപ്പെടെ അച്ചടി ചെലവ് 50 രൂപയിൽ കൂടില്ലെന്ന് സർക്കാർ ഏജൻസിയും അറിയിച്ചു. എന്നാൽ 125 രൂപയ്ക്കാണ് കോർപറേഷൻ കരാർ നൽകിയത്. സംസ്ഥാനത്തെ ഒരു നിയമ പ്രകാരവും എച്ച്ആർഇഡിസി റജിസ്റ്റർ ചെയ്തിട്ടില്ലെന്നും സ്ഥാപനം സംസ്ഥാന സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസി അല്ലെന്നും അച്ചടി കരാർ നൽകിയെങ്കിലും കോർപറേഷനും എച്ച്ആർഇഡിസിയും തമ്മിൽ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വർഷം, നൽകേണ്ട കാർഡ്, നൽകിയ കാർഡ് ക്രമത്തിൽ

2018-19 : 50,279, 39,960

2019-20 : 41,288, 39,331.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version