റിയാദ്: സൗദി വിഷന്‍ 2030ന്റെ ഭാഗമായി ടൂറിസം മേഖല ശക്തിപ്പെടുത്തുന്ന നടപടികളുടെ തുടര്‍ച്ചയായി പുതിയ നിക്ഷേപ കമ്പനി ആരംഭിക്കുന്നു. സൗദി ടൂറിസം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (അസ്ഫര്‍) എന്ന പേരിലാണ് പൊതുമേഖലാ നിക്ഷേപ കമ്പനി ആരംഭിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് (പിഐഎഫ്) കീഴിലാണ് നിക്ഷേപ കമ്പനി ആരംഭിക്കുന്നത്. പ്രാദേശിക ടൂറിസം മേഖലയില്‍ നിക്ഷേപിക്കുന്നതിന് പുറമെ രാജ്യത്തെ നഗരങ്ങളില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍, റീട്ടെയില്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവയുമായി പുതിയ ടൂറിസം പദ്ധതികളില്‍ കമ്പനി നിക്ഷേപിക്കുകയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും.
സ്വകാര്യ മേഖലയെ ടൂറിസം നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുക എന്നതും അസ്ഫറിന്റെ പ്രധാന ലക്ഷ്യമാണ്. സഹനിക്ഷേപ അവസരങ്ങളിലൂടെ പ്രാദേശിക വിതരണക്കാര്‍ക്കും കരാറുകാര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും (എസ്എംഇ) ടൂറിസം പദ്ധതികളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിന് ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അവസരമൊരുക്കും. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേക്ക് സ്വകാര്യ മേഖലയെ ആകര്‍ഷിക്കുകയും ഈ മേഖലയുടെ നിലവാരം ഉയര്‍ത്തുകയും ചെയ്യും.
ടൂറിസം രംഗത്തേക്ക് സ്വകാര്യ മേഖലയുടെ മത്സര അന്തരീക്ഷം സൃഷ്ടിക്കും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള സൗദി അറേബ്യയുടെ സവിശേഷവും തന്ത്രപരവുമായ സ്ഥാനവും അതിന്റെ നഗരങ്ങളുടെ നേട്ടങ്ങളും കമ്പനി പ്രയോജനപ്പെടുത്തുമെന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. സന്ദര്‍ശകര്‍ക്ക് രാജ്യത്തെ ടൂറിസം അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സവിശേഷമായ ഭൂപ്രദേശത്തിന്റെയും സംസ്‌കാരത്തിന്റെയും സൗന്ദര്യവും വൈവിധ്യവും പ്രയോജനപ്പെടുത്താന്‍ അസ്ഫര്‍ ശ്രമിക്കും.
ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ രാജ്യത്തുടനീളമുള്ള അധികമാരും സന്ദര്‍ശിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് ആകര്‍ഷിക്കും. 2030 ഓടെ പ്രതിവര്‍ഷം 10 കോടി സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ദേശീയ ലക്ഷ്യത്തിലേക്ക് നിക്ഷേപ കമ്പനി വലിയ സംഭാവന നല്‍കുകയും ചെയ്യും. ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ രാജ്യത്തെ നഗരങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. രാജ്യത്തെ വിനോദസഞ്ചാര-വിനോദ അനുഭവങ്ങള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാനും സമ്പന്നമാക്കാനും ഓരോ നഗരത്തിലെയും അതുല്യമായ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇത് പ്രാപ്തമാക്കുമെന്ന് പിഐഎഫിലെ മെന ഇന്‍വെസ്റ്റ്‌മെന്റിലെ വിനോദ, കായിക മേഖലാ മേധാവി മിഷാരി അലിബ്രാഹീം പറഞ്ഞു.
സൗദി വിഷന്‍ 2030ന് അനുസൃതമായി ടൂറിസം മേഖലയിലെ അവസരങ്ങള്‍ തുറക്കുന്നതിനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്ത സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനുമുള്ള പിഐഎഫ് നയത്തിന്റെ ഭാഗമായാണ് അസ്ഫറിന്റെ സമാരംഭം. 2030ഓടെ പ്രതിവര്‍ഷം 1.2 കോടി ഇന്ത്യന്‍ ടൂറിസ്റ്റുകളെ സ്വീകരിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ഇതിനായി വിമാന സര്‍വീസ് 19% വര്‍ധിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
2022ല്‍ സൗദി അറേബ്യക്ക് ഇന്ത്യയില്‍ നിന്ന് ഏകദേശം 10 ലക്ഷം സന്ദര്‍ശകരെ ലഭിച്ചിരുന്നു. ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇന്ത്യയില്‍ ഒമ്പത് വിഎഫ്എസ് വിസ സ്റ്റാംപിങ് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി ഈയിടെ 12 സ്ഥാനങ്ങള്‍ മുന്നേറിയിരുന്നു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ പട്ടികയില്‍ സൗദി 13ാം സ്ഥാനത്താണ്. 2019ല്‍ സൗദി 25ാം സ്ഥാനത്തായിരുന്നു. കോവിഡിന് ശേഷം ടൂറിസം മേഖലയില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യമാണ് സൗദി.