നാഷ് വില്ലെ: ലീഗ്സ് കപ്പിലെ കലാശപ്പോരിൽ ഇൻ്റർ മയാമിക്ക് ആവേശവിജയം. ടൂർണമെന്റിൽ ആദ്യമായി മെസ്സിയും സംഘവും എതിരാളികളിൽ നിന്ന് കനത്ത വെല്ലുവിളി നേരിട്ട മത്സരത്തിൽ സഡൻ ഡെത്തിലായിരുന്നു ടീം കിരീടം നേടിയത്. സഹതാരങ്ങളുടെ സമ്മർദ്ദത്തിനടിപ്പെട്ടപ്പോഴും മെസ്സി പുറത്തെടുത്ത മികവാണ് മയാമിക്ക് തുണയായത്. നിശ്ചിത സമയത്ത് മെസ്സി നേടിയ ഒരൊറ്റ ഗോളായിരുന്നു മയാമിയെ മത്സരത്തിൽ പിടിച്ചു നിർത്തിയത്. നിശ്ചിത സമയത്ത് 1-1 ന് സമനില ആയ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും സഡൻ ഡെത്തിലേക്കും നീളുകളായിരുന്നു.
ഷൂട്ടൗട്ടിൽ മയാമിയും നാഷ് വില്ലയും എടുത്ത നാല് കിക്കുകൾ ഗോളാക്കി മാറ്റി. ഇതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. സഡൻ ഡെത്തിൽ പത്ത് താരങ്ങളും ഗോൾ കീപ്പറും കിക്കെടുക്കുന്ന അപൂർവ്വതയ്ക്കും മത്സരം സാക്ഷ്യം വഹിച്ചു. ഒടുവിൽ 11-ാം അവസരത്തിൽ ഡ്രേക്ക് കാലണ്ടർ രക്ഷകനായി. ചങ്കിടിപ്പിനൊടുവിൽ മെസ്സിയുടെ ചിരി.
ആദ്യ പകുതിയിൽ മെസ്സിയും സംഘവും കടുത്ത സമ്മർദ്ദത്തിലാണ് കളിച്ചത്. മുൻ മത്സരങ്ങളിൽ കണ്ട മയാമി ആക്രമണം കലാശപ്പോരിൽ കണ്ടില്ല. പന്തുമായി നാഷ് വില്ലയുടെ കോർട്ടിലേക്ക് മുന്നേറാൻ ഇന്റർ മയാമിക്ക് കഴിഞ്ഞില്ല. പലപ്പോഴും പ്രതിരോധ നിരയെ ആശ്രയിച്ചായിരുന്നു ഇന്റർ മയാമി മത്സരത്തിൽ പിടിച്ചു നിന്നത്. കൃത്യമായി ചെറിയ പാസുകൾ നൽകുന്നതിൽ ഇന്റർ മയാമി പ്രത്യേകം ശ്രദ്ധിച്ചു. ഒടുവിൽ 29-ാം മിനിറ്റിൽ ഇന്റർ മയാമി മുന്നിലെത്തി. ഡി ബോക്സിന് പുറത്ത് കിട്ടിയ പന്തിൽ മെസ്സി വീണ്ടും തന്റെ ഇടംകാൽ മാന്ത്രികത ആവർത്തിച്ചു. ഇന്റർ ജഴ്സിയിലും ലീഗ്സ് കപ്പിലും മെസ്സിയുടെ പത്താം ഗോൾ. മത്സരത്തിൽ മുന്നിലെത്തിയിട്ടും മയാമി ആക്രമണം ദുർബലമായിരുന്നു. ആദ്യ പകുതിയിൽ നാഷ് വില്ലയുടെ ആക്രമണങ്ങളെ തടഞ്ഞത് മാത്രമാണ് ഇൻ്റർ മയാമിക്ക് എടുത്ത് പറയാനുള്ളത്.
രണ്ടാം പകുതിയിലും സമാനമായിരുന്നു കാര്യങ്ങൾ. 57-ാം മിനിറ്റിൽ മയാമി പ്രതിരോധം പൊളിച്ച് നാഷ് വില്ലയുടെ ഗോൾ പിറന്നു. സ്കോർ 1-1 സമനില ആയതോടെ മയാമി ഉണർന്നു കളിക്കാൻ തുടങ്ങി. മയാമി അച്ചടക്കത്തോടെ പാസുകൾ നൽകി മുന്നേറിയപ്പോൾ ആക്രമണമായിരുന്നു നാഷ് വില്ലയുടെ തന്ത്രം. കൂടുതൽ സമയം പന്തിന്റെ നിയന്ത്രണം മയാമി താരങ്ങളുടെ പാദങ്ങളിലായി. 70-ാം മിനിറ്റിലെ മെസ്സിയുടെ മുന്നേറ്റം ഗോൾപോസ്റ്റിൽ തട്ടിയകന്നു. പിന്നീട് നാഷ് വില്ലയുടെ അപകടകരമായ പല ആക്രമണങ്ങളിൽ നിന്നും മയാമി കീപ്പർ ഡ്രേക്ക് കാലണ്ടർ മയാമിയെ രക്ഷിച്ചു. ഒടുവിൽ നാഷ് വില്ലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ നേരിടുക മാത്രമായിരുന്നു ഇന്റർ മയാമിക്ക് ചെയ്യുവാൻ ഉണ്ടായിരുന്നത്. സഡൻ ഡെത്ത് വരെ നീണ്ട ആവേശത്തിൽ മെസ്സിയും സംഘവും കപ്പുയർത്തി