ലീഗ്സ് കപ്പ് സെമിയിൽ ഫിലാഡൽഫിയ യൂണിയനെ തോൽപ്പിച്ച് ഇന്റർ മയാമി ഫൈനലിൽ. 36 വാര അകലെ നിന്ന് ഗോൾ കണ്ടെത്തിയ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിലാണ് മയാമി ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. ചൊവ്വാഴ്ച രാത്രി നടക്കുന്ന കലാശപ്പോരിൽ മയാമി നഷ്വില്ലെയെ നേരിടും.
ഒന്നിനെതിരെ നാലു ഗോളിനായിരുന്നു ഇന്റർമയാമിയുടെ വിജയം. മറ്റൊരു സെമിയിൽ നഷ്വില്ലെ എതിരില്ലാത്ത രണ്ടു ഗോളിന് മൊണ്ടെറെയെ തോൽപ്പിച്ചു. മെസ്സിയെ കൂടാതെ ജോസഫ് മാർട്ടിനെസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മയാമിക്കായി ലക്ഷ്യം കണ്ടത്. അലക്സാൻഡ്രോ ബെഡോയ ഫിലാഡൽഫിയയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
കളിയുടെ മൂന്നാം മിനിറ്റിൽ ജോസഫ് മാർട്ടിനസിലൂടെയാണ് ഇന്റർ മയാമി മുമ്പിലെത്തിയത്. 20-ാം മിനിറ്റിൽ 36.3 വാര അകലെ നിന്ന് മെസ്സി തൊടുത്ത ഗ്രൗണ്ടർ ഗോൾകീപ്പർ ആൻഡ്ര ബ്ലാകിനെയും നിസ്സഹായനാക്കി വലയിൽ കയറി.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ബാഴ്സലോണയിലെ മുൻ സഹതാരം ജോർഡി ആൽബയും 84-ാം മിനിറ്റിൽ സബ്സ്റ്റിറ്റിയൂട്ട് ഡേവിഡ് റൂയിസും ലക്ഷ്യം കണ്ടു. 73-ാം മിനിറ്റിലായിരുന്നു ഫിലാഡൽഫിയയുടെ ആശ്വാസ ഗോൾ.
ഇന്റർമയാമിക്കായി അരങ്ങേറിയ ശേഷം ആറു മത്സരങ്ങളിൽ നിന്ന് ഒമ്പതു ഗോളാണ് മെസ്സി ഇതുവരെ സ്കോർ ചെയ്തത്. ആറു കളികളിൽ 20 ഗോളാണ് ടീം സ്കോർ ചെയ്തത്. എല്ലാ മത്സരവും വിജയിക്കുകയും ചെയ്തു. മെസ്സി വരുന്നതിന് മുമ്പുള്ള 12 കളികളിൽ എട്ടു മത്സരവും മയാമി തോൽക്കുകയാണ് ചെയ്തത്. രണ്ടു വിജയം മാത്രം. 13 ഗോൾ ചെയ്തപ്പോൾ വഴങ്ങിയത് 25 ഗോൾ. മെസ്സി എത്തിയതോടെ ടീം അടിമുടി മാറി.
സ്കോർ