Gulf

അബുദാബിയില്‍ നഗര ഗതാഗതത്തിന് നൂതന മാര്‍ഗം; ഓട്ടോമേറ്റഡ് ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങി

Published

on

അബുദാബി: ഗതാഗതം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനങ്ങളില്‍ നൂതന പരിഷ്‌കാരങ്ങള്‍ക്ക് കേളികേട്ട യുഎഇയില്‍ നിന്ന് അത്തരത്തില്‍ ഒരു വാര്‍ത്ത കൂടി. ട്രാം ശൈലിയിലുള്ള അതിവേഗ ഇലക്ട്രിക് ബസ്സുകള്‍ അബുദാബി നഗരപാതയില്‍ സഞ്ചാരം തുടങ്ങി.

ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാന്‍സിറ്റ് (എആര്‍ടി) എന്ന പേരിലാണ് ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. പദ്ധതിയുടെ പരീക്ഷണ ഘട്ടം ആരംഭിച്ചതായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍പോര്‍ട്ട് (ഡിഎംടി) ലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി) ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തുടക്കത്തില്‍ 25 ബസ് സ്റ്റേഷനുകളിലാണ് ബസ് നിര്‍ത്തുക. നഗരത്തിലെ 27 കിലോമീറ്റര്‍ പാതയില്‍ സര്‍വീസ് ഉണ്ടാവും. പിന്നീട് കൂടുതല്‍ റൂട്ടുകളും ബസ്സുകളും ആരംഭിക്കാനാണ് തീരുമാനം. ദ്രുതഗതിയില്‍ നീങ്ങുന്നുവെന്നതും വൈത്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ദ്രുതഗതിയിലുള്ള നഗരഗതാഗതം സാധ്യമാക്കുന്ന ഓട്ടോമേറ്റഡ് ഇലക്ട്രിക് ബസ്സുകള്‍ ഭാവിയില്‍ ലോകത്ത് വ്യാപകമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

200 പേര്‍ക്ക് വരെ ഇലക്ട്രിക് ബസ്സില്‍ ഒരേസമയം യാത്രചെയ്യാം. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും അതിവേഗ യാത്ര സാധ്യമാക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും പൊതുഗതാഗതം ശക്തമാക്കുന്നതിനും ഇലക്ട്രിക് ബസ്സുകള്‍ സഹായകമാണ്. അബുദാബി നഗര പുരോഗതിയുടെയും പരിഷ്‌കാരത്തിന്റെയും അടയാളമായി ഇവ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗതാഗത മേഖലയിലെ സാങ്കേതിക വികസനത്തിന്റെ നവീനവും വ്യതിരിക്തവുമായ ഘട്ടത്തിലേക്കുള്ള കാല്‍വയ്പ് കൂടിയാണിത്.

പ്രാരംഭഘട്ടത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. അബുദാബി അല്‍ റീം മാളില്‍ നിന്ന് മറീന മാളിലേക്ക് സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെയും കോര്‍ണിഷ് സ്ട്രീറ്റിലൂടെയും കടന്നുപോകും.

വിവിധ മേഖലകളിലെ പ്രാദേശിക വികസനത്തെ സഹായിക്കുകയും അബുദാബിയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതിയെന്ന് ഐടിസി വിശദീകരിച്ചു. മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം വികസിപ്പിക്കാന്‍ ഐടിസി പരിശ്രമം തുടരുകയാണ്. ഏറ്റവും മികച്ച സുരക്ഷ, സൗകര്യം, സേവനനിലവാരം എന്നിവ ഉറപ്പാക്കി കാര്യക്ഷമമായ അടിസ്ഥാന യാത്രാസൗകര്യങ്ങളൊരുക്കാന്‍ പ്രതിജ്ഞാബന്ധമാണെന്നും ഐടിസി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version