തെന്നിന്ത്യയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ടുകളുടെ പട്ടികയെടുത്താൽ അതിൽ കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ രണ്ടാം ഭാഗം മുൻനിരയിൽ കാണും. സിനിമയുടെ റിലീസ് ജൂലൈ 12നാണ്. അതിനിടയിലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുന്നത്.
ജൂൺ ഏഴിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല. ഇന്ത്യൻ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ഇന്ത്യൻ 2 എത്തി ആറുമാസത്തിന് ശേഷം ഇന്ത്യന്‍ 3 റിലീസ് ചെയ്യുമെന്നും കമല്‍ ഹാസന് വ്യക്തമാക്കിയിട്ടുണ്ട്.
1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേർന്നാണ് നിർമ്മാണം.