Gulf

കുവൈറ്റ് തൊഴില്‍ മേഖലയുടെ നെടുംതൂണായി ഇന്ത്യന്‍ പ്രവാസികള്‍; വിവിധ മേഖലകളിലായി ആകെ 5.35 ലക്ഷം പേര്‍

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റ് തൊഴില്‍ വിപണിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോവുന്ന ചാലകശക്തിയായി ഇന്ത്യന്‍ പ്രവാസികള്‍. രാജ്യത്തെ പ്രവാസി ജീവനക്കാരില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. ആകെ 5.35 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് രാജ്യത്തെ തൊഴില്‍ വിണയില്‍ ഇപ്പോഴുള്ളതെന്നാണ് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്ന ഏറ്റവും പുതിയ കണക്ക്.

2023ല്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ 96,000 പേര്‍ പുതുതായി എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 12,000 പേര്‍ സ്വദേശികളാണ്. കുവൈറ്റില്‍ ഗാര്‍ഹികേതര മേഖലകളിലായി ആകെയുള്ള 29 ലക്ഷം തൊഴിലാളികളില്‍ 4,54,038 പേര്‍ കുവൈറ്റ് പൗരന്‍മാരാണ്. അഥവാ 21.3 ശതമാനം. 16,78,958 പേരാണ് പ്രവാസി തൊഴിലാളികള്‍. ആകെയുള്ള തൊഴില്‍ ശക്തിയുടെ 78.7 ശതമാനം വരുമിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 1,59,349 തൊഴിലാളികളാണ് വര്‍ധിച്ചത്. ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഈജിപ്തുകാരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 5,35,083 ഇന്ത്യന്‍ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. തൊട്ടു പിറകില്‍ 4,76,866 തൊഴിലാളികളുമായി ഈജിപ്താണുള്ളത്.

അതിനിടെ, കുവൈത്തിലെ ജനസംഖ്യ 4.91 ദശലക്ഷമായി ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 2024 ജനുവരി ഒന്നിന് കുവൈത്തിലെ ജനസംഖ്യ 4.91 ദശലക്ഷമാണ്. 2023ല്‍ ജനുവരി ഒന്നിന് ഇത് 4.79 ദശലക്ഷമായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ജനസംഖ്യയില്‍ 119,700 പേരുടെ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍ ഉദ്ധരിച്ച് അല്‍ അന്‍ബാ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യയില്‍ കുവൈറ്റ് പൗരന്മാരുടെ എണ്ണം 28,700 വര്‍ധിച്ചതായും സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ന്റെ തുടക്കത്തില്‍ കുവൈറ്റ് പൗരന്‍മാര്‍ 1.517 ദശലക്ഷം പേരാണുണ്ടായിരുന്നതെങ്കില്‍ 2024 ജനുവരിയില്‍ 1.545 ദശലക്ഷമായി. 2024 ജനുവരിയുടെ തുടക്കത്തില്‍ പുരുഷ പൗരന്മാരുടെ എണ്ണം 758,700 ആയി വര്‍ധിച്ചു. 2023 ജനുവരിയിലെ ആദ്യ ദിനത്തില്‍ 744,230 ആയിരുന്നു. 2023 ജനുവരിയിലെ ആദ്യ ദിവസം 772,800 ആയിരുന്ന സ്ത്രീ പൗരന്മാരുടെ എണ്ണം 2024 ജനുവരി ആദ്യ ദിവസം 787,000 ആയി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2024 ജനുവരി ഒന്നിന് പ്രവാസികളുടെ എണ്ണം 90,990 പേര്‍ വര്‍ധിച്ച് 33.6 ലക്ഷമായി വര്‍ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍. 2023 ജനുവരി ഒന്നിന് ഇത് 32.7 ലക്ഷമായിരുന്നു. ഇതേ കാലയളവില്‍ 21.8 ലക്ഷമായിരുന്ന പുരുഷ പ്രവാസികളുടെ എണ്ണം 2024 ജനുവരി ഒന്നിന് 22.6 ലക്ഷമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ 10.8 ലക്ഷമായിരുന്നു സ്ത്രീ പ്രവാസികളുടെ എണ്ണം. ഇത് ഈ വര്‍ഷം ആദ്യത്തോടെ 11 ലക്ഷമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version