ലഖ്നൗ: രണ്ടാം ട്വന്റി 20-യില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. സ്പിന്നര്‍മാര്‍ക്ക് അകമഴിഞ്ഞ പിന്തുണ ലഭിച്ച പിച്ചില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.
31 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 15 റണ്‍സുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.
ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ പതറിയ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സ്പിന്നര്‍മാരെ തുടക്കത്തില്‍ തന്നെ കളത്തിലിറക്കിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ നീക്കം ഫലം കാണുകയും ചെയ്തു. നാലാം ഓവറില്‍ മൈക്കല്‍ ബ്രെയ്‌സ്‌വെല്‍, ശുഭ്മാന്‍ ഗില്ലിനെ (ഒമ്പത് പന്തില്‍ 11) പുറത്താക്കി. ഇഷാന്‍ കിഷനും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് സ്‌കോര്‍ 46-ല്‍ എത്തിച്ചതിനു പിന്നാലെ ഇഷാന്‍ (32 പന്തില്‍ 19) റണ്ണൗട്ടായി. പിന്നാലെ ഇഷ് സോദിയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ രാഹുലും (18 പന്തില്‍ 13) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ സൂര്യകുമാര്‍ യാദവും സ്ഥാനക്കയറ്റം കിട്ടിയെത്തിയ വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനയിക്കവെ 15-ാം ഓവറില്‍ സുന്ദര്‍ (ഒമ്പത് പന്തില്‍ 10) റണ്ണൗട്ടായി. സൂര്യ പുറത്താകാതിരിക്കാന്‍ വേണ്ടി സുന്ദര്‍ സ്വയം വിക്കറ്റ് കളയുകയായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ – ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.