അബുദാബി: കയറ്റുമതി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിനായി ഇന്ത്യ യുഎഇയില്‍ ‘ഭാരത് പാര്‍ക്ക്’ സ്ഥാപിക്കും. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഒരു ഗുഡ്സ് ഷോറൂമും ഉല്‍പന്നങ്ങള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസുകളും യുഎയില്‍ സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി വാണിജ്യ, ടെക്സ്റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ആണ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ആയിരിക്കും ഭാരത് പാര്‍ക്ക്. 2025ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനാവുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ ആസൂത്രിത ഇന്ത്യന്‍ വെയര്‍ഹൗസിങ് സൗകര്യം ചൈനയുടെ ഡ്രാഗണ്‍ മാര്‍ട്ടിന് സമാനമായിരിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഭാരത് പാര്‍ക്കില്‍ റീട്ടെയില്‍ ഷോറൂമുകള്‍, വെയര്‍ഹൗസുകള്‍, ഓഫീസുകള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുണ്ടാവും. പെട്ടെന്ന് നശിക്കുന്ന വസ്തുക്കള്‍, ഭാരമേറിയ യന്ത്രസാമഗ്രികള്‍ തുടങ്ങി വിവിധതരം ചരക്കുള്‍ സൂക്ഷിക്കാനും വിപണനം ചെയ്യാനും ഇവിടെ സൗകര്യമൊരുക്കും.
ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയിലുള്ള ജബല്‍ അലി ഫ്രീ സോണില്‍ (ഖഅഎദഅ) ആണ് ഭാരത് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാരത് പാര്‍ക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ആഗോള വിതരണ കേന്ദ്രമായി മാറുമെന്ന് ഡിപി വേള്‍ഡ് ജിസിസിയിലെ പാര്‍ക്ക്‌സ് ആന്‍ഡ് സോണ്‍സ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അബ്ദുല്ല അല്‍ ഹാഷ്മി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ആഫ്രിക്ക, യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിലേക്ക് വിപണനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യക്കും ഈ രാജ്യങ്ങള്‍ക്കുമിടയില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സമയവും ചെലവും ഇത് ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയിലെ ഡിപി വേള്‍ഡിന് ഇന്ത്യയില്‍ വന്‍കിട നിക്ഷേപ പദ്ധതികളുണ്ട്. ഗുജറാത്തില്‍ പുതിയ മെഗാ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയുമായി ഡിപി വേള്‍ഡ് കഴിഞ്ഞ വര്‍ഷം കരാറുണ്ടാക്കിയിരുന്നു. 510 മില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണിത്.
എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന യുഎഇ ഇന്ത്യയില്‍ 5,000 കോടി ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയും യുഎഇയും പ്രാദേശിക കറന്‍സികളിലും വ്യാപാരം ആരംഭിച്ചിരുന്നു. ഡോളറിന് പകരം രൂപയിലും ദിര്‍ഹത്തിലും ഇടപാട് നടത്താനുള്ള ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) കരാര്‍ പ്രകാരമാണിത്.