ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പരമ്പര വിജയമാണ് ഇന്ത്യൻ ലക്ഷ്യം. ഇൻഡോറിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ മത്സരത്തിൽ വിട്ടുനിന്ന വിരാട് കോഹ്‌ലി ഇന്ന് കളിക്കും. എന്നാൽ കോഹ്‌ലിക്ക് പകരം ആര് പുറത്തിരിക്കുമെന്ന് വ്യക്തമായിട്ടില്ല. മലയാളി താരം സഞ്ജു സാംസണ് സാധ്യതയുണ്ടോയെന്നും കണ്ടറിയണം.
ബൗളിംഗ് നിരയിൽ ഇന്ത്യയ്ക്ക് പ്രതിസന്ധിയുണ്ട്. അർഷ്ദീപ് സിംഗ് മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവെക്കുന്നത്. മുകേഷ് കുമാറും രവി ബിഷ്ണോയും കഴിഞ്ഞ മത്സരത്തിൽ ഏറെ റൺസ് വിട്ടുനൽകി. നിലവാരത്തിലേക്ക് ഉയരാത്ത ബൗളർമാർ ഭാവിയിലും ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്.
മൊഹാലിയിൽ നടന്ന ആദ്യ ട്വന്റി 20യിൽ അഫ്ഗാനിസ്ഥാൻ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇന്ന് വിജയിച്ചില്ലെങ്കിൽ അഫ്ഗാന് പരമ്പര നഷ്ടമാകും. സ്പിന്നർ റാഷിദ് ഖാന്റെ അഭാവം അഫ്ഗാൻ നിരയിൽ പ്രകടമാണ്. ട്വന്റി 20 ലോകകപ്പിന് മുമ്പ് അവസാന വട്ട ശ്രമങ്ങൾ നടത്താനാവും ഇരുടീമുകളുടെയും ശ്രമം.